സൊമാറ്റയുടെ പുതിയ ഓഫര്‍: ഡെലിവറി ബോയ് വൈകിയാല്‍ ഭക്ഷണം ഫ്രീ

ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനിയായ സോമാറ്റോ ഉപഭോക്താക്കള്‍ക്കായി ‘ഓണ്‍ ടൈം അല്ലെങ്കില്‍ ഫ്രീ’ ഫീച്ചര്‍ അവതരിപ്പിച്ചു. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ഭക്ഷണം എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചെലവായ പണം തിരിച്ചുനല്‍കും. എന്നാല്‍ സോമാറ്റോയുടെ ഭക്ഷണ വിതരണത്തിന്റെ പ്രത്യേക സമയപരിധിയൊന്നും ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല.

കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സൊമാറ്റോയുടെ പുതിയ ഓഫര്‍. ഇത് സംബന്ധിച്ച് സൊമാറ്റോയുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഭക്ഷണം കൃത്യസമയത്ത് ലഭിക്കുമെന്ന് ഉറപ്പ് ലഭിക്കുമെന്നും അല്ലെങ്കില്‍ പണം തിരികെ ലഭിക്കുമെന്നുമാണ് സൊമാറ്റോ അവകാശപ്പെടുന്നത്. ഇന്ത്യയിലെ നൂറില്‍ കൂടുതല്‍ നഗരങ്ങളിലായി ആയിരക്കണക്കിന് റെസ്‌റ്റോറന്റുകളുടെ മുഴുവന്‍ സൊമാറ്റോ മെനുവിനും ഈ ഓഫര്‍ ബാധകമായിരിക്കും.

ഫീച്ചര്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ ഓര്‍ഡറുകള്‍ നല്‍കുമ്പോള്‍ തന്നെ ‘ഓണ്‍ടൈം അല്ലെങ്കില്‍ ഫ്രീ’ ക്ലിക്കു ചെയ്യേണ്ടതാണ്. കൂടാതെ കൃത്യസമയത്ത് സൊമാറ്റോ വിതരണം ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ അവരുടെ പണം തിരികെ ലഭിക്കും. നിശ്ചിത സമയത്ത് ഭക്ഷണം എത്തിക്കാന്‍ ഡെലിവറി ബോയികള്‍ക്കുമേല്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നതാണ് സൊമാറ്റോയുടെ പുതിയ ഫീച്ചര്‍. ഇതിനാല്‍ അവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചേക്കാമെന്നും വിമര്‍ശനമുണ്ട്.

എന്നാല്‍, ഓര്‍ഡറുകള്‍ എത്തിക്കുന്നതിനായി റെസ്‌റ്റോറന്റുകളെയോ ഡെലിവറി ബോയികളെയോ ബുദ്ധിമുട്ടിപ്പിക്കില്ലെന്നും ഇക്കാര്യത്തില്‍ ആശങ്കകളില്ലെന്നും സൊമാറ്റോ വ്യക്തമാക്കി. ഞങ്ങളുടെ ഡെലിവറി ബോയികള്‍ ഓര്‍ഡര്‍ കൃത്യസമയത്ത് എത്തിക്കും. ഇല്ലെങ്കില്‍ സൗജന്യമായിരിക്കും.

ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ വെളിപ്പെടുത്തുന്നതിന് മുന്‍പ്, സോമാറ്റോ ‘കബി ടു ലേറ്റ് ഹോ ജാത’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ടിവി ക്യാംപെയ്‌നും ആരംഭിച്ചിരുന്നു. ‘ഓണ്‍ടൈം അല്ലെങ്കില്‍ സൗജന്യം ‘തിരഞ്ഞെടുക്കുകയും ഭക്ഷണം സൗജന്യമായി ലഭിക്കുമെന്ന പ്രതീക്ഷയില്‍ വൈകി വരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന നിരവധി ഉപയോക്താക്കളെ പരസ്യത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

രാജ്യത്തെ ഭക്ഷ്യ വിതരണ വിപണി പിടിച്ചെടുക്കാനായി സോമാറ്റോയും സ്വിഗ്ഗിയും കടുത്ത മത്സരത്തിലാണ്. ഇതിന്റെ ഭാഗമായി ഊബര്‍ ഈറ്റസ് സോമാറ്റോ വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടെക്ക്രഞ്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം ഊബര്‍ ഈറ്റ്‌സിന്റെ ഇന്ത്യ ബിസിനസിനെ മൂല്യം ഏകദേശം 400 മില്യണ്‍ ഡോളറാണ്.

SHARE