അഭിമുഖത്തിനിടെ വനിതാ റിപ്പോർട്ടറെ പരസ്യമായി ചുംബിച്ച് മാഞ്ചസ്റ്റർ സിറ്റി താരം

ല്വിവ്: യുവേഫ യൂറോ കപ്പ് യോഗ്യതാ മത്സരത്തിനു ശേഷം ഉക്രെയ്ൻ ഫുട്‌ബോൾ താരം വനിതാ റിപ്പോർട്ടറെ ടി.വി ക്യാമറകൾക്കു മുന്നിൽ ചുംബിച്ച ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം ഒലക്‌സാന്ദർ സിൻചെങ്കോ ആണ് വിവാദനായകൻ. മത്സരത്തിനു ശേഷം തന്നെ ഇന്റർവ്യൂ ചെയ്ത ടി.വി റിപ്പോർട്ടർ വ്‌ലാദ സെദാനാണ് 22-കാരനായ സിൻചെങ്കോ കവിളിൽ ചുംബനം നൽകിയത്. സിൻചെങ്കോയും വ്‌ലാദയും ദീർഘനാൾ സുഹൃത്തുക്കളാണെന്ന വാർത്തകൾ പിന്നീട് പുറത്തുവന്നു.

ഗ്രൂപ്പ് ബി മത്സരത്തിൽ ഞായറാഴ്ച സെർബിയക്കെതിരെ ഉക്രെയ്ൻ അഞ്ചു ഗോളിന് ജയിച്ചിരുന്നു. ഇടതുമിഡ്ഫീൽഡറായി കളിച്ച സിൻചെങ്കോ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. മത്സരത്തിനു ശേഷം ടീമിനു വേണ്ടി ടി.വി ചാനലിനോട് സംസാരിച്ച ശേഷം നടന്നകലുന്നതിനു മുമ്പാണ് സിൻചെങ്കോ സുഹൃത്തിന്റെ കവിളിൽ ചുംബിച്ചത്. താരത്തിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥതയില്ലെന്ന് വ്‌ലാദയുടെ മുഖഭാവത്തിൽ വ്യക്തമായിരുന്നു.

കഴിഞ്ഞ മാർച്ചിൽ ബൾഗേറിയൻ ബോക്‌സിങ് താരം കുബ്രത് പുലേവ് വനിതാ റിപ്പോർട്ടറെ ബലപ്രയോഗത്തിലൂടെ ചുംബിച്ചത് വിവാദമായിരുന്നു. അനുവാദമില്ലാത്ത ചുംബനത്തിന് താരം ശിക്ഷിക്കപ്പെടുകയും ചെയ്തു. മുമ്പ് സ്പാനിഷ് ഫുട്‌ബോൾ താരം ഇകേർ കസിയസ് തന്റെ കാമുകിയും ടി.വി റിപ്പോർട്ടറുമായ സാറ കാർബണെറോയെ പോസ്റ്റ് മാച്ച് ഇന്റർവ്യൂവിനിടെ ചുംബിച്ചിരുന്നു. 2016 വിവാഹിതരായ കസിയസ് – സാറ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്.