സിസോ……………. ദി ഗ്രേറ്റ്

മാഡ്രിഡ്: സന്തോഷം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ വിമുഖനാണ് സൈനുദ്ദീന്‍ സിദാന്‍. പക്ഷേ ഇന്നലെ അദ്ദേഹം ടോണി ക്രൂസിന്റെ ഗോളില്‍ കൈകള്‍ വാനിലേക്കുയര്‍ത്തി…. താരങ്ങളുടെ ചുമലില്‍ തട്ടി…. മഹാനായ ഫുട്‌ബോളര്‍ എന്ന ഖ്യാതിയില്‍ നിന്നും ലോക ഫുട്‌ബോളില്‍ അനിതരസാധാരണ നേട്ടക്കാരനായ പരിശീലകനായി മാറുകയാണ് സിസു. രണ്ട് കിരീടങ്ങളാണ് അദ്ദേഹത്തിന് തൊട്ട് മുന്നില്‍. സെല്‍റ്റക്കെതിരായ മല്‍സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിസു വ്യക്തമായി പറഞ്ഞത് ഞങ്ങള്‍ ചാമ്പ്യന്മാരായിട്ടില്ല, ആഘോഷത്തിന് സമയമായിട്ടില്ല എന്നാണ്. ഇന്നലെയും അദ്ദേഹം ആ വാക്കുകള്‍ ആവര്‍ത്തിച്ചു-ചാമ്പ്യന്മാരായിട്ടില്ല. അതിനാല്‍ വലിയ സന്തോഷത്തിന് നില്‍ക്കാതെ അദ്ദേഹം ക്ലബ് ആസ്ഥാനത്തേക്ക് പോയി. രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് സിസു താരങ്ങളോട് പറഞ്ഞിരിക്കുന്നത്.
യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരിക്കുന്നത് വമ്പന്മാരായ പരിശീലകരാണ്. അനുഭവസമ്പത്തിന്റെയും കോച്ചിംഗ് ലൈസന്‍സിന്റെയും ബലത്തില്‍ ഹൗസേ മോറിഞ്ഞോ, ആഴ്‌സന്‍ വെംഗര്‍, കാര്‍ലോസ് ആഞ്ചലോട്ടി, പെപ് ഗുര്‍ഡിയോള തുടങ്ങിയവര്‍. സിദാന് ഇത്തരം ആഡംബരങ്ങളൊന്നുമില്ല. രാജ്യാന്തര ഫുട്‌ബോളറില്‍ നിന്നുമാണ് അദ്ദേഹം പരിശീലകനായത്. പക്ഷേ എല്ലാവരുടെയും കരുത്തിനെ ചൂഷണം ചെയ്യുക എന്ന സിംപിള്‍ ബുദ്ധിയാണ് അദ്ദേഹം പ്രയോഗിക്കുന്നതും വിജയിപ്പിക്കുന്നതും. റയല്‍ മാഡ്രിഡ് എന്നാല്‍ എല്ലാവരും സൂപ്പര്‍ താരങ്ങളാണ്. ലോക ഫുട്‌ബോളില്‍ വ്യക്തമായ മേല്‍വിലാസമുളളവര്‍. അവരെ ഒരു സംഘമാക്കി, ഈഗോ പ്രശ്‌നങ്ങള്‍ ഒഴിവാക്കി, എല്ലാവര്‍ക്കും അവസരങ്ങള്‍ ഉറപ്പാക്കി, ആരെയും നോവിപ്പിക്കാതെയുളള ഫുട്‌ബോള്‍ ഡിപ്ലോമസി….
ജയത്തില്‍ മതിമറക്കുന്നില്ല അദ്ദേഹം. പരാജയത്തിലോ തിരിച്ചടിയിലോ കൂറ്റക്കാരെ കണ്ടെത്തുന്നുമില്ല. വ്യക്തമായ മല്‍സര പ്ലാന്‍-കളിക്കാരനായിരുന്നപ്പോള്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന പ്ലേ മേക്കറായിരുന്നു സിദാനെങ്കില്‍ ഇപ്പോള്‍ അദ്ദേഹം പ്ലേ മേക്കിംഗ് കോച്ചാണ്. എല്ലാ താരങ്ങളുടെയും അഭിപ്രായം തേടുമ്പോള്‍ തന്നെ അമിതമായി പ്രതിരോധപാത പിന്തുടരുന്നില്ല. മുന്‍നിരയില്‍ കൃസ്റ്റിയാനോയും ബെന്‍സേമയും അസുന്‍സിയോയും ഇസ്‌ക്കോയും റോഡ്രിഗസുമെല്ലാമുള്ളപ്പോള്‍ ഗോളുകള്‍ തന്നെയാണ് ടീമിന്റെ ശക്കതിയെന്ന് മനസ്സിലാക്കിയുള്ള മുന്നേറ്റം. ഇപ്പോഴും സിസു ചിരിക്കുന്നില്ല. തന്റെ ചിരി അദ്ദേഹം ഞായറിലേക്ക് മാറ്റിയിരിക്കുന്നു. അന്ന് മലാഗക്കെതിരെ സമനില മതി. പക്ഷേ ആ ലക്ഷ്യത്തിലേക്കല്ല കോച്ചിന്റെ നോട്ടമെന്ന് വ്യക്തം. പിന്നെ സിസു പൊട്ടിച്ചിരിക്കും-കാര്‍ഡിഫിലെ ജൂണ്‍ മൂന്നിലെ രാത്രി അനുകൂലമായാല്‍.

SHARE