റയലിന്റെ ഫോമില്ലായ്മക്കു കാരണം ഞാന്‍ മാത്രം; കളിക്കാരെ കുറ്റം പറയാനില്ല സിദാന്‍

മാഡ്രിഡ്: 2017-18 സീസണിലെ റയല്‍ മാഡ്രിഡിന്റെ മോശം ഫോമിന് ഉത്തരവാദി താനാണെന്നും കളിക്കാരെ കുറ്റം പറയേണ്ടെന്നും റയല്‍ മാഡ്രിഡ് കോച്ച് സൈനദിന്‍ സിദാന്‍. ബുധനാഴ്ച യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയെ നേരിടാനിരിക്കെയാണ് കോച്ച് കളിക്കാരെ സംരക്ഷിക്കുന്ന നിലപാടെടുത്തത്. കിങ്‌സ് കപ്പില്‍ പുറത്താവുകയും സ്പാനിഷ് ലീഗ് കിരീട പ്രതീക്ഷ ഏറെക്കുറെ നഷ്ടമാവുകയും ചെയ്ത റയല്‍ മാഡ്രിഡിന് ഈ സീസണില്‍ പ്രതീക്ഷയുള്ള മേജര്‍ കിരീടം ചാമ്പ്യന്‍സ് ലീഗ് മാത്രമാണ്.

‘ഈ ടീമിന്റെ ചുമതല ഏറ്റെടുക്കാന്‍ തീരുമാനിച്ചത് ഞാനാണ്. കാര്യങ്ങള്‍ ശരിയാംവിധം പോയില്ലെങ്കില്‍ ഞാനെന്താണ് ചെയ്യേണ്ടത്, അത് കളിക്കാരുടെ കുറ്റമാണെന്നു പറയുകയോ? ഇല്ല. ഞാനാണ് ഇതിനെല്ലാം ഉത്തരവാദി.’ സിദാന്‍ പറഞ്ഞു.

‘ഞങ്ങള്‍ക്ക് കളി ജയിക്കണം. ഞങ്ങള്‍ എല്ലാവര്‍ക്കും അതറിയാം. മത്സരത്തില്‍ വിജയമാണ് പ്രധാനം. കളി ജയിച്ചില്ലെങ്കില്‍ വിമര്‍ശിക്കപ്പെടും എന്നത് സ്വാഭാവികമാണ്.’

പി.എസ്.ജി കരുത്തരാണെന്നും ഓരോ വര്‍ഷവും മെച്ചപ്പെട്ടു വരുന്ന അവര്‍ ഇത്തവണ മിന്നും ഫോമിലാണെന്നും സിദാന്‍ പറഞ്ഞു.

ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 1.15 ന് റയലിന്റെ തട്ടകമായ സാന്റിയാഗോ ബര്‍ണേബുവിലാണ് പി.എസ്.ജിക്കെതിരായ പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദം അരങ്ങേറുക. മാര്‍ച്ച് ഏഴിനാണ് പാര്‍ക്ക് ദെ പ്രിന്‍സിലെ രണ്ടാം പാദം.