സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനം രാജിവെച്ചു

സാന്റിയാഗോ ബെര്‍ണബ്യൂ: സിനദിന്‍ സിദാന്‍ റയല്‍മാഡ്രിഡ് പരിശീലക സ്ഥാനം രാജിവെച്ചു. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഹാട്രിക് കിരീടം നേടിക്കൊടുത്തതിന് പിന്നാലെയാണ് ക്ലബിന്റെ പരിശീലകസ്ഥാനത്തു നിന്ന് ഒഴിയുന്നതായി സിദാന്‍ പ്രഖ്യാപിച്ചത്. വാര്‍ത്തസമ്മേളനം നടത്തിയാണ് അദ്ദേഹം വിടവാങ്ങല്‍ പ്രഖ്യാപിച്ചത്.


2016 ജനുവരിയില്‍ റാഫേല്‍ ബെനിറ്റസിന് പകരക്കാരനായാണ് സിദാന്‍ പരിശീലക ചുമതലയേറ്റത്. ആദ്യ സീസണില്‍ തന്നെ റയലിനെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരാക്കി സിദാന്‍. മൂന്നു സിസണുകളിലായി ചാമ്പ്യന്‍സ് ലീഗ്, ലാലീഗ, യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ്, സ്പാനിഷ് സൂപ്പര്‍കപ്പുള്‍പ്പെടെ ക്ലബിന് ഒമ്പതു ട്രോഫികള്‍ നേടിക്കൊടുത്തു. കഴിഞ്ഞവാരം ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്തോടെ തുടര്‍ച്ചയായി മൂന്നു തവണ ചാപ്യന്‍സ് ലീഗ് നേടുന്ന ആദ്യ പരിശീലകനെന്ന റെക്കോര്‍ഡ് സിദാന്‍ സ്വന്തമാക്കിയിരുന്നു.

ഈ ടീം തുടര്‍ച്ചയായി വിജയിക്കേണ്ടത് ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ, അതിന് ഒരു മാറ്റവും, മറ്റൊരു ശബ്ദവും, മറ്റൊരു രീതിയും ആവശ്യമാണ്. അതുകൊണ്ടാണ് ഞാന്‍ ഈ തീരുമാനമെടുത്തത്. ഞാന്‍ ഈ ക്ലബ്ബിനെയും ഇതിന്റെ പ്രസിഡന്റിനെയും സ്‌നേഹിക്കുന്നു. റയലില്‍ ഒരു കളിക്കാരനായും പരിശീലകനായും എനിക്ക് അവസരം ലഭിച്ചതില്‍ സന്തോഷിക്കുന്നു. ഞാന്‍ ഈ ക്ലബിനെ സ്‌നേഹിക്കുന്നു. സിദാന്‍ പറഞ്ഞു.

 

149 മത്സരങ്ങളില്‍ സിദാനു കീഴിലിറങ്ങിയ റയല്‍ 104 ജയം സ്വന്തമാക്കിയപ്പോള്‍ വെറും 16 തവണ മാത്രമാണ് തോറ്റത്. 29 മ്തസരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. അതേസമയം സിദാന്റെ തീരുമാനത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകരും ക്ലബ് അധികൃതരും. കഴിഞ്ഞ ദിവസമാണ് ക്ലബ് വിടുന്ന കാര്യം സിദാന്‍ പറഞ്ഞതെന്നും കേട്ടപ്പോള്‍ ഞെട്ടലുണ്ടായെന്നും ക്ലബ് പ്രസിഡണ്ട് പെറസ് പറഞ്ഞു.

SHARE