യുവേഫ ചാമ്പ്യന്‍സ് ലീഗ്: റൊണാള്‍ഡോ ഡബിളില്‍ റയല്‍ ചരിതം

കാര്‍ഡിഫ്: ചരിത്രത്തിലേക്ക് കൃസ്റ്റിയാനോ റൊണാള്‍ഡോയും സൈനദിന്‍
സിദാനും…! തട്ടുതകര്‍പ്പന്‍ ഫുട്‌ബോളിന്റെ സുന്ദര ചിത്രങ്ങളെല്ലാം മൈതാനത്ത് പ്രകടമാക്കിയ പോരാട്ടത്തില്‍ യുവന്തസിനെ 1-4ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് ഒരിക്കല്‍ കൂടി യൂറോപ്യന്‍ ഫുട്‌ബോളിലെ രാജാക്കന്മാരായി. സൂപ്പര്‍ താരം കൃസ്റ്റിയാനോ രണ്ട് വട്ടം വല ചലിപ്പിച്ച് താനാരാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്ന പരിശീലകനെന്ന അത്യപൂര്‍വ ബഹുമതി സിദാന്‍ സ്വന്തമാക്കി. ലാലീഗ കിരീടത്തിനി പിറകെയാണ് സിദാനും സംഘവും രണ്ടാമത് വലിയ കിരീടം സ്വന്തമാക്കുന്നത്. മരിയോ മാന്‍ഡ്‌സുകിച്ച് യുവന്തസിനു വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ കാസിമിറോ, അസുന്‍സിയോ എന്നിവരുടെ ബൂട്ടില്‍ നിന്നായിരുന്നു മറ്റ് ഗോളുകള്‍.
ആവേശം കത്തിയ പോരാട്ടത്തിലെ ആദ്യ പത്ത് മിനുട്ട് യുവന്തസിന് സ്വന്തമായിരുന്നു. കടലല പോലെ കുതിച്ചുകയറിയ അവര്‍ രണ്ട് വട്ടം റയലിന്റെ കോസ്റ്റാറിക്കന്‍ ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസിനെ വിറപ്പിച്ചു. സെര്‍ജിയോ റാമോസ് കാത്ത റയല്‍ ഡിന്‍സിലൂടെ ഊളിയിട്ട് കയറി ഹ്വിഗിനും മരിയോ മാന്‍സുക്കിയും പായിച്ച വെടിയുണ്ടകള്‍ നവാസ് തടഞ്ഞു. പന്ത്രണ്ടാം മിനുട്ടിലായിരുന്നു ബുഫണിലേക്ക് ആദ്യ പന്ത് വന്നത്. കരീം ബെന്‍സേമയുടെ ശ്രമം പക്ഷേ ദുര്‍ബലമായിരുന്നു. ഇരുപതാം മിനുട്ടില്‍ സാക്ഷാല്‍ കൃസ്റ്റിയാനോ ഷോ കണ്ടു. അതിവേഗതയുള്ള ആക്രമണത്തിന് തുടക്കമിട്ടത് ബെന്‍സേമ. പെനാല്‍ട്ടി ബോക്‌സിന് തൊട്ടരികില്‍ പന്ത് ഇസ്‌ക്കോയിലേക്ക്. ഇസ്‌ക്കോ അതേ വേഗതയില്‍ റൊണാള്‍ഡോക്ക് കൈമാറുമ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെയുള്ള ഉഗ്രന്‍ പ്ലേസിങ്… ബനുച്ചിയുടെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുമ്പോള്‍ സ്‌റ്റേഡിയത്തിലെ റയല്‍ ആരാധകര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളില്‍ കൃസ്റ്റിയാനോയുടെ 107-ാമത് ഗോള്‍. ഈ സീസണിലെ പതിനൊന്നാമത് ചാമ്പ്യന്‍സ് ലീഗ് ഗോള്‍. ചാമ്പ്യന്‍സ് ലീഗില്‍ ഈ സിസണില്‍ ബുഫണ്‍ വഴങ്ങുന്ന നാലാമത് ഗോള്‍.

പക്ഷേ ലീഡില്‍ തുടരാന്‍ റയലിന് അധികസമയമായില്ല. ഇരുപത്തിയേഴാം മിനുട്ടില്‍ ക്രൊയേഷ്യന്‍ മധ്യനിരക്കാരന്‍ മരിയോ മാന്‍സുകിച്ച് യുവന്തസിനെ അതിസുന്ദര ഗോളില്‍ ഒപ്പമെത്തിച്ചു. ബനുച്ചിയില്‍ നിന്ന് പന്ത് ചെസ്റ്റില്‍ സ്വികരിച്ച് റിവേഴ്‌സ് കിക്കിലുടെ വലയിലേക്ക്. അല്‍പ്പം മുന്നോട്ട് കയറിയ കൈലര്‍ നവാസ് നിസ്സഹായനായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ മല്‍സരം 1-1.
രണ്ടാം പകുതിയില്‍ മൂന്ന് മിനുട്ടിനകം രണ്ട് ഗോളുകളുമായി റയല്‍ ആധിപത്യം അരക്കെട്ടുറപ്പിച്ചു. വ്യക്തമായ ഗെയിം പ്ലാനില്‍ പന്ത് ഹോള്‍ഡ് ചെയ്ത കളിച്ച സിദാന്റെ സംഘം യുവെ ബോക്‌സ് കേന്ദ്രീകരിച്ചാണ് കളിച്ചത്. അതിന്റെ നേട്ടമായി ബ്രസീലുകാരന്‍ കാസിമിറോയുടെ ലോംഗ് റേഞ്ചര്‍ വലയില്‍ കയറി. ഇത്തവണയും ബുഫണിന് വില്ലനായത് സ്വന്തം ഡിഫന്‍ഡര്‍. ചെലിനിയുടെ കാലുകളില്‍ തട്ടിയായിരുന്നു ഗോള്‍. നിര്‍ണായക മല്‍സരങ്ങളെ സ്വന്തം മെയ്‌വഴക്കത്തില്‍ സുന്ദരമാക്കാറുള്ള കൃസ്റ്റിയാനോ രണ്ട് മിനുട്ടിനകം മൂന്നാം ഗോള്‍ നേടി. ലുക്കാസ് മോദ്രിച്ച് വലത് പാര്‍ശ്വത്തിലൂടെ കുതിച്ചുകയറി നല്‍കിയ ക്രോസ് ഗോള്‍ക്കീപ്പര്‍ ബുഫണിന് തൊട്ട് മുന്നില്‍ നിന്ന് സുന്ദരമായ ഫഌക്കിലൂടെ പോര്‍ച്ചുഗലുകാരന്‍ ഗോളാക്കി മാറ്റി-ഫൈനലിലെ രണ്ടാം ഗോള്‍. ചാമ്പ്യന്‍സ് ലിഗിലെ പന്ത്രണ്ടാം ഗോള്‍. അതോടെ ചിത്രം വ്യക്തമായി. നാട്ടുകാരുടെ സ്വന്തം താരം ഗാരെത് ബെയ്ല്‍
എഴുപത്തിയഞ്ചാം മിനുട്ടില്‍ ബെന്‍സേമക്ക് പകരമിറങ്ങിയപ്പോഴേക്കും കളി തിരുമാനിക്കപ്പെട്ടിരുന്നു.

അവസാനത്തില്‍ യുവെ പത്ത് പേരായി ചുരുങ്ങി. ക്രിസ്റ്റ്യാനോക്കു നേരെയുള്ള അനാവശ്യ ഫൗളിന് ആദ്യ മഞ്ഞ കണ്ടിരുന്ന ക്വഡ്രാഡോയെ ഇത്തവണ റാമോസ് കുടുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ചൂടേറിയ നിമിഷത്തില്‍ ക്വഡ്രോഡോ റാമോസിന്റെ ശരീരത്തില്‍ പതുക്കെയൊന്ന് തള്ളിയതും റയല്‍ ക്യാപ്ടന്‍ ഫൗള്‍ ചെയ്യപ്പെട്ടെന്ന പോലെ നിലത്തു വീണുരുണ്ടു. തൊട്ടുമുന്നില്‍ ലൈന്‍സ്മാന്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നിട്ടും റഫറി കൊളംബിയന്‍ താരത്തിന് രണ്ടാം മഞ്ഞക്കാര്‍ഡും സമ്മാനിച്ചു.

പിന്നെ ലോംഗ് വിസിലിനായുള്ള കാത്തിരിപ്പ്. അതിനിടെ അസുന്‍സിയോ നാലാം ഗോളും നേടി.