കശ്മീര്‍ നടപടിയെ പിന്തുണച്ചാല്‍ കേസുകള്‍ ഒഴിവാക്കിത്തരാമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു; വെളിപ്പെടുത്തലുമായി സാകിര്‍ നായിക്

പുത്രജയ: ജമ്മുകശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചാല്‍ തനിക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്. എന്നാല്‍, ഈ വാഗ്ദാനം താന്‍ നിരസിച്ചതായും സാക്കിര്‍ നായിക്ക് ഒരു വീഡിയോയില്‍ പറഞ്ഞു. ‘ടൈംസ് നൗ’ ആണ് വീഡിയോ പുറത്തുവിട്ടത്.

മുസ്‌ലിം രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് തന്റെ സഹായം ആവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ തന്നെ സമീപിച്ചിരുന്നുവെന്നും സാക്കിര്‍ നായിക്ക് പറഞ്ഞു. ‘ കുറച്ച് മാസങ്ങള്‍ക്കു മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഞാനുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി സമീപിച്ചിരുന്നു. 2019 സെപ്തംബറിലെ നാലാമത്തെ ആഴ്ചയാണ് പുത്രയയില്‍ അദ്ദേഹം വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത്ഷായേയും കണ്ടിട്ടാണ് താന്‍ വരുന്നതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. മോദിയുടേയും അമിത്ഷായുടേയും നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് താന്‍ വരുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മുസ്‌ലിം രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് എന്റെ സഹായം ആവശ്യപ്പെട്ടും ഇതിന് പ്രതിഫലമായി എനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് വാഗ്ദാനം ചെയ്തുമായിരുന്നു സര്‍ക്കാര്‍ പ്രതിനിധി വന്നത്.’ സാക്കിര്‍ നായിക് വീഡിയോയില്‍ പറഞ്ഞു.

കള്ളപ്പണം വെളുപ്പിച്ചതിന് സാക്കിര്‍ നായികിനും കൂട്ടാളികള്‍ക്കും എതിരെ 2016 ഡിസംബര്‍ 22ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2016 മുതല്‍ നിരീക്ഷണത്തില്‍ ഇരിക്കുന്ന സാക്കിര്‍ നായിക് നിലവില്‍ മലേഷ്യയിലാണ് ഉള്ളത്. 2016ല്‍ സാകിറിന്റെ ഓര്‍ഗനൈസേഷനായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തേക്ക് ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇന്ത്യ സാക്കിര്‍ നായിക്കിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാനാണ് മലേഷ്യയിക്ക് സാക്കിര്‍ നായിക് പോയത്.

നിരവധി കുറ്റാരോപണങ്ങള്‍ നേരിടുന്ന സാക്കിര്‍ നായികിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം നടത്തിവരികയാണ്. യുഎപിഎ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ സാക്കിര്‍ നായികിനു മേല്‍ ചുമത്തിയിട്ടുണ്ട്. യുവജനങ്ങളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു, വെറുപ്പുളവാക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്നു, സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നു എന്നീ കുറ്റങ്ങളാണ് എന്‍.ഐ.എ നായികിനു മേല്‍ ചുമത്തിയിരിക്കുന്നത്.

2017 ഒക്ടോബറില്‍ മുംബൈ കോടതിയില്‍ എന്‍.ഐ.എ സാക്കിര്‍ നായികിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

SHARE