ഇസ്‌ലാമിക പ്രഭാഷണം അനുവദിക്കുന്നില്ല; ഇന്റര്‍പോളിന് ഡോ.സാകിര്‍ നായികിന്റെ പരാതി

റിയാദ്: ഇസ്‌ലാമിക പ്രഭാഷണം നടത്താന്‍ ഇന്ത്യന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അനുവദിക്കുന്നില്ലെന്നാരോപിച്ച് ഇസ്‌ലാമിക് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ.സാകിര്‍ നായികിന്റെ പരാതി. ഇന്റര്‍പോളിനാണ് നായിക് പരാതി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ മതന്യൂനപക്ഷങ്ങളോടുള്ള വേട്ടയാടലിന്റെ ഭാഗമാണ് തന്റെ പ്രഭാഷണങ്ങള്‍ക്കുള്ള വിലക്കെന്ന് നായിക് പരാതിയില്‍ പറയുന്നു.

581040-zakir-naik-112016

കഴിഞ്ഞ 25 വര്‍ഷമായി താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രഭാഷണം നടത്തിവരുന്നുണ്ടെന്നും ഈ സ്ഥലങ്ങളിലെല്ലാം തനിക്ക് ആദരവും സ്വീകാര്യതയും ലഭിച്ചിട്ടുണ്ടെന്നും നായിക് ഇന്റര്‍പോളിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇസ്‌ലാമിക് ഫൗണ്ടേഷനെ നിരോധിച്ചതിലൂടെയും പ്രഭാഷണം തടഞ്ഞതിലൂടെയും തന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ് നിഷേധിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ജയിലുകളിലെ മോശം അവസ്ഥയും മനുഷ്യാവകാശ ലംഘനങ്ങളും അദ്ദേഹം പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സാകിര്‍ നായികിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നായിക് ഇന്റര്‍പോളിനു പരാതി നല്‍കിയത്. സാകിര്‍ നായികിന്റെ പാസ്‌പോര്‍ട്ട് അടുത്തിടെ എന്‍ഐഎ റദ്ദാക്കിയിരുന്നു.

SHARE