സാകിര്‍ നായികിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. മുംബൈയിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസാണ് നായികിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്.
നായികിനും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനുമെതിരായ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) മുമ്പാകെ ഹാജരാകണമെന്ന നിര്‍ദേശം നിരസിച്ചതിനെത്തുടര്‍ന്നാണ് നടപടി.
പത്തു ദിവസത്തിനകം പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് തയാറാകാത്തതിനെത്തുടര്‍ന്നാണ് റദ്ദാക്കല്‍ നടപടിയിലേക്ക് നീങ്ങിയതെന്ന് പാസ്‌പോര്‍ട്ട് ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു.
നായികിന്റെ പ്രബോധനത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടാവാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ ഇന്ത്യയില്‍ വിലക്കിയത്. ധാക്ക സ്‌ഫോടനത്തിനു പിന്നില്‍ പ്രവൃത്തിച്ചവര്‍ ഇത്തരത്തില്‍ സാകിര്‍ നായികിന്റെ പ്രഭാഷണം സ്വാധീനിച്ചാണ് ആക്രമണം നടത്തിയെന്നാണ് ആരോപണം.

SHARE