‘വെട്ടുക്കിളി ആക്രമണം’; ഖുര്‍ആന്‍ ആയത്ത് ഉദ്ധരിച്ച സൈറ വസീമിനെതിരെ സൈബര്‍ ആക്രമണം

ഖുര്‍ആനില്‍ നിന്നുള്ള ആയത്ത് ഉദ്ധരിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് മുന്‍ നടി സൈറ വസീമിനെതിരെ സൈബര്‍ ആക്രമണം. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും വെട്ടുക്കിളി ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ വെട്ടുക്കിളി ആക്രമണത്തെ കുറിച്ചുള്ള ഖുര്‍ആനിലെ ആയത്ത് ഉദ്ധരിച്ച് ട്വീറ്റ് ചെയ്തതോടെയാണ് സിനിമമേഖല വിട്ട ദംഗല്‍ ഫെയിം നടിക്കെതിരെ വീണ്ടും ട്രോളുകളുടെ ആക്രമണത്തിന് സോഷ്യല്‍ മീഡിയയില്‍ ഇരയായത്.

”അപ്പോള്‍ നാം അവരുടെ മേല്‍ പ്രളയം, വെട്ടുക്കിളി, ചെള്ള്, തവള, രക്തം എന്നിവ അയച്ചു. വിശദമായി വ്യക്തമാക്കപ്പെട്ട ദൃഷ്ടാന്തങ്ങളായിക്കൊണ്ടു തന്നെ. എന്നാല്‍ അവര്‍ അഹംഭാവം നടിക്കയാണ് ചെയ്തത്. അവര്‍ കുറ്റവാളികളായ ഒരു ജനതയായിരുന്നു താനും. എന്ന ഖുറാനിലെ ഏഴാം അധ്യായത്തിലെ 133 ആയത്താണ് സൈറ ട്വീറ്റ് ചെയ്ത്. മെയ് 27 ന് കുറിച്ച ട്വീറ്റിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണുണ്ടായത്. നിരവധി തവണ ഇസ്‌ലാമോഫോബിയക്ക് വിധേയയായ മുന്‍ നടിക്ക് നേരെ രൂക്ഷമായി പ്രതികരിച്ച സൈബര്‍ അക്രമികള്‍ സൈറയുടെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലുകള്‍ ഇല്ലാതാക്കാനു ശ്രമിച്ചു.

എന്നാല്‍ തുടര്‍ ട്വീറ്റുമായി സൈറ രംഗത്തെത്തുകയായിരുന്നു. ‘അതിനാല്‍, (ഈ) കഥ അവര്‍ക്കു നീ വിവരിച്ചുകൊടുക്കുക. അവര്‍ ചിന്തിക്കുവാന്‍വേണ്ടി’, എന്ന അതേ സൂറത്തിലെ 176 മത്തെ ആയത്താണ് സൈബര്‍ ആക്രമികള്‍ക്ക് മറുപടി ട്വീറ്റായി പോസ്റ്റ് ചെയതത്.

സോഷ്യല്‍ മീഡിയയില്‍ തന്റെ മതത്തിന്റെ പേരിലും അഭിനയ ജീവിതം മതിയാക്കിയ തന്റെ തെരഞ്ഞെടുപ്പിന്റെ പേരിലും കടുത്ത സൈബര്‍ ആക്രമണമാണ് സൈറ നേരിടുന്നത്. കഴിഞ്ഞ വര്‍ഷം അഭിനയ ജീവിതം ഉപേക്ഷിച്ച സൈറയുടെ പ്രഖ്യാപനത്തിനെതിരെ സംഘ്പരിവാര്‍ ശക്തികളും മുസ്‌ലിം വിരുദ്ധരും നടിയെ രൂക്ഷമായി പരിഹസിച്ചിരുന്നു.

അതേസമയം, സൈറയെ പിന്തുണച്ചുും നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററില്‍ സൈറവാസിം ഹാഷ് ടാഗ് ട്രെന്‍ഡിംഗ് ആരംഭിച്ചിട്ടുണ്ട്.

ബൈബിളും വേദഗ്രന്ഥങ്ങളിലും പറയുന്നത് ഉദ്ധരിക്കുന്ന പോലെതന്നെ ഒന്നാണ് ഖുറാന്‍ വാക്യം പോസ്റ്റുചെയ്യുന്നതെന്നും ഇതിനെതിരെയുള്ള ട്രോള്‍ ഇസ്ലാമോഫോബിയയാണെന്നും ഇവര്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടു. വെട്ടുക്കിളി ആക്രമണം മിക്കവാറും എല്ലാ മത പാഠപുസ്തകങ്ങളുടെയും ഭാഗമാണെന്നും. പുരാതന ഗ്രീക്കുകാരും അതുപോലെ ബിസി 747 മുതല്‍ സംസ്‌കൃത കവിതകളിലും ബൈബിളിലും വെട്ടുക്കിളി ആക്രമണത്തെക്കുറിച്ച് ഉദ്ധരണികള്‍ ഉണ്ടെന്നും ഇവര്‍ വാദിച്ചു.

അതേസമയം, സൈബര്‍ ആക്രമണം രൂക്ഷമായതോടെ അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിഞ്ഞ സൈറ വീണ്ടും ട്വീറ്റുമായി രംഗത്തെത്തി.

അഭിനയം വിടുകയാണെന്ന് അറിയിച്ച് ഈയടുത്താണ് സൈറ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. അള്ളാഹുവിന് നിരക്കാത്ത ഒരു പ്രവൃത്തിയും താന്‍ ചെയ്യില്ല. ദൃഢചിത്തയായിരിക്കാനും നല്ലൊരു മുസ്ലീമായി ജീവിക്കാനും മരിക്കാനും തന്നെ അനുവദിക്കണമെന്നുമാണ് സെെറ അന്ന് പറഞ്ഞത്. 
ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ സിനിമയായ ദംഗലിലൂടെയാണ് സൈറ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഷൊണാലി ബോസ് സംവിധാനം ചെയ്ത ‘ദ് സ്‌കൈ ഈസ് പിങ്ക്’ എന്ന സിനിമയാണ് സൈറയുടെ അവസാനം ഇറങ്ങിയ സിനിമ.