മോദിയെ വിമര്‍ശിച്ച അഫ്രീദിയെ എതിര്‍ത്ത് യുവരാജും ഹര്‍ഭജനുമടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച മുന്‍ പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. യുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍ തുടങ്ങിയ താരങ്ങളാണ് അഫ്രീദിക്കെതിരെ രംഗത്തെത്തിയത്. നേരത്തെ, അഫ്രീദിയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിച്ച താരങ്ങളാണ് യുവിയും ഹര്‍ഭജനും.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അഫ്രീദിയുടെ പരാമര്‍ശങ്ങള്‍ ശരിക്കും നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമെന്ന നിലയിലും ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയfലും ഇത്തരം പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. നിങ്ങളുടെ അഭ്യര്‍ഥന പ്രകാരം അന്ന് സഹായത്തിനുള്ള ആഹ്വാനം ചെയ്തത് മനുഷ്യത്വത്തിന്റെ പേരിലാണ്. പക്ഷേ, ഇനിയൊരിക്കലും അതുണ്ടാകില്ല.’- യുവരാജ് ട്വിറ്ററില്‍ കുറിച്ചു.

‘ഏഴ് ലക്ഷം സൈനികര്‍ക്ക് 20 കോടി ജനങ്ങളുടെ പിന്തുണയുണ്ടെന്ന് പതിനാറു വയസുകാരന്‍ അഫ്രീദി പറയുന്നു. എന്നിട്ടും 70 വര്‍ഷമായി ഇവര്‍ കശ്മീര്‍ യാചിക്കുന്നു. അഫ്രീദി, ഇമ്രാന്‍, ബജ്വ എന്നിവരെ പോലുള്ള വിഡ്ഢികള്‍ ഇന്ത്യയ്ക്കും, പ്രധാനമന്ത്രി മോദിക്കും എതിരെ വിഷം തുപ്പുന്നു. എന്നാല്‍ വിധി ദിനം വരെ കശ്മീര്‍ ലഭിക്കില്ല. ബംഗ്ലാദേശ് ഓര്‍മയില്ലേ?’- ഇങ്ങനെയായിരുന്നു ഗംഭീറിന്റെ കുറിപ്പ്.

വേണ്ടി വന്നാല്‍ രാജ്യത്തിനു വേണ്ടി തോക്കെടുക്കുമെന്നായിരുന്നു ഹര്‍ഭജന്റെ പ്രസ്താവന. അഫ്രീദി ഫൗണ്ടേഷനെ സഹായിച്ചത് മനുഷ്യത്വത്തിന്റെ പേരിലായിരുന്നു. ഇനി അതുണ്ടാവില്ല. അഫ്രീദിയുമായി ഇനി സൗഹൃദത്തിനില്ല. നമ്മുടെ രാജ്യത്തെ കുറിച്ച് മോശം പറയാന്‍ അഫ്രീദിക്ക് യാതൊരു അവകാശവുമില്ല. അയാള്‍ സ്വന്തം രാജ്യത്തിന്റെ പരിധിക്കുള്ളില്‍ നില്‍ക്കുന്നതാണ് നല്ലതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

‘കശ്മീരിനെ വെറുതെ വിടൂ. പരാജയപ്പെട്ട നിങ്ങളുടെ രാജ്യത്തിനായി ആദ്യം എന്തെങ്കിലും ചെയ്യു. ഞാന്‍ അഭിമാനിയായ ഒരു കശ്മീരിയാണ്, അത് എല്ലായ്പ്പോഴും ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി തുടരും’- റെയ്ന കുറിച്ചു.