വിഷാദവും ആത്മഹത്യ ചിന്തയും തന്നെ വേട്ടയാടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന് ശങ്കര്‍ രാജ. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എല്ലായ്പ്പോഴും വേട്ടയാടിയിരുന്ന ഭയം എന്തായിരുന്നുവെന്നും അതിനെ അതിജീവിച്ചത് എങ്ങനെയായിരുന്നു എന്നുമായിരുന്നു ചോദ്യം. അതിന് അദ്ദേഹം നല്കിയ മറുപടി ഇങ്ങനെ…
ആത്മഹത്യ ചിന്ത, അതായിരുന്നു ഞാന്‍ നേരിട്ട ഏറ്റവും വലിയ പ്രശ്നം. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം അങ്ങനെ ഉണ്ടായിട്ടില്ല. എന്നെ അത്തരം ചിന്തകളില്‍ നിന്ന് രക്ഷിക്കാന്‍ ഇസ്ലാം വളരെയധികം സഹായിച്ചിട്ടുണ്ട്- യുവന് ശങ്കര്‍ രാജ പറഞ്ഞു.
ഇസ്ലാം മതം സ്വീകരിക്കാനുണ്ടായ കാരണത്തെക്കുറിച്ച് നേരത്ത യുവന് പറഞ്ഞതിങ്ങനെ…
”ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നിലുള്ള ആ ഒരു കാരണമെന്തെന്ന് നിരവധി പേര് ചോദിച്ചുകൊണ്ടിരിക്കുന്നു. ഒരു കാര്യം മാത്രമായി എനിക്ക് ചൂണ്ടിക്കാണിക്കാനാവില്ല, അത് ഒരു യാത്രയായിരുന്നു. ഞാന്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ്, ലോകാവസാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്ന സമയത്ത്, എന്റെ അമ്മ ജീവിച്ചിരുന്ന സമയത്ത് ഇസ്ലാം മതത്തില്‍ എന്താണ് ഇതിനെക്കുറിച്ചെല്ലാം പറഞ്ഞിരിക്കുന്നതെന്ന് പഠിക്കുകയായിരുന്നു ഞാന്‍. കാരണം ഞാന്‍ പഠിക്കുന്നുണ്ടായിരുന്നത് ആംഗ്ലോ ഇന്ത്യന്‍ സ്കൂളിലായിരുന്നു. അതായിരുന്നു തുടക്കം.
രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി ഞാനൊന്നും ഗ്രഹിച്ചിട്ടില്ലെന്ന്. ഞാനിവിടെ സത്യം പറയുകയാണ് എനിക്കത് കഠിനമായാണ് അനുഭവപ്പെട്ടത്. പിന്നീട് എന്റെ അമ്മ മരിച്ച സമയത്ത്, എന്റെ ഒരു സുഹൃത്ത് മക്കയില്‍ നിന്നും കൊണ്ടുവന്ന ഒരു നിസ്കാരപ്പായ കൊണ്ട് തന്നു. എപ്പോഴൊക്കെ മനസിന് ഭാരമനുഭവപ്പെടുന്നുവോ അപ്പോഴെല്ലാം ആ പായ വിരിച്ച് അതിലിരിക്കാന്‍ ആവശ്യപ്പെട്ടു.
ഒരിക്കല്‍ എന്റെ ഒരു കസിന് വീട്ടില്‍ വരികയും അമ്മയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. എനിക്ക് വല്ലാത്ത മനപ്രയാസമനുഭവപ്പെട്ടു. അതുവരെ ആ നിസ്കാരപ്പായയെകുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. അന്ന് എന്റെ മുറിയില്‍ കയറിയപ്പോള്‍ ഞാന്‍ ആദ്യം കണ്ടത് ആ പായയാണ്. എന്റെ മുഖം കഴുകുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു.
അതേസമയം തന്നെ ആശ്ചര്യമെന്നോണം എനിക്കൊരു സുഹൃത്തിന്റെ സന്ദേശം വന്നു, ഒരു ചിത്രത്തോടൊപ്പം മനോഹരമായ ആകാശം എന്നെഴുതിയ സന്ദേശം. എനിക്കൊരുപാട് മുസ്ലിം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാളോട് ഈ ചിത്രത്തില്‍ എന്തെങ്കിലും കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അവന് പറഞ്ഞത് അത് അല്ലാഹു എന്നാണ് എന്നായിരുന്നു. എനിക്ക് ആശ്ചര്യമായി. ആ ചിത്രത്തിലെ മേഘക്കൂട്ടങ്ങള്‍ അറബി ഭാഷയില്‍ അല്ലാ?ഹു എന്നെഴുതി വച്ച പോലെയാണെന്ന് അവന് എനിക്ക് വിശദീകരിച്ചു തന്നു.
ഞാന്‍ നിസ്കാരപ്പായ വിരിച്ച് അതിലിരുന്നു. എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ട വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു അത്. എന്റെ നെറ്റി പായയില്‍ മുട്ടിയപ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു ‘എന്റെ പാപങ്ങള്‍ പൊറുക്കണേ അള്ളാ’ എന്ന്.. അതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്.
ആ രാത്രി ഞാന്‍ എന്റെ ഫോണില്‍ ഖുറാന് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. അന്നും എനിക്കത് കഠിനമായി അനുഭവപ്പെട്ടു. പിന്നീട് ഞാനതിനെ ?ഗ്രഹിച്ചു. വിശ്വത്തിന്റെ സൃഷ്ടാവ് വിശുദ്ദ ?ഗ്രന്ഥങ്ങളിലൂടെ ആളുക?ളുമായി സംസാരിക്കുമ്പോള്‍ അത് കഠിനമായി തന്നെ അനുഭവപ്പെടേണ്ടതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.കാരണം നമുക്കറിയാത്ത എത്രയോ കാര്യങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്”- യുവന് പറഞ്ഞു.