യുവജനയാത്രയില്‍ പങ്കെടുത്ത് മടങ്ങവെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന് കുത്തേറ്റു; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കടമേരി സ്വദേശി ടി.കെ ഇസ്മായി(32)ലിന് കുത്തേറ്റു. ആയഞ്ചേരി പഞ്ചായത്തിലെ യൂത്ത് ലീഗ് സജീവ പ്രവര്‍ത്തകനായ ഇസ്മായിലിനെ തോപ്പയില്‍ വെച്ച് സോഡാകുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു.

യുവജനയാത്ര സമ്മേളനത്തിന് എത്തിയ വാഹനം എടുക്കാനായി തോപ്പയില്‍ എത്തിയ ഇസ്മായിലെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. രാത്രി 10.30യോടെയാണ് സംഭവം. അക്രമ സംഘത്തിലെ കുത്തിയ ആള്‍ സമീപത്തെ സി.പി.എം ഓടിക്കയറികയായിരുന്നു.
അക്രമിയുടെ കുത്തില്‍ നിന്നും ഇസ്മായില്‍ പെട്ടന്ന് ഒഴിഞ്ഞു മാറിയതിനാലാണ് കൊലപാതക ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. അക്രമത്തില്‍ ഇസ്മായിലിന്റെ കഴുത്തിനോട് ചേര്‍ന്നാണ് പരിക്കേറ്റത്.

ഹാഷിം എന്ന ആളാണ് കുത്തിയതെന്നും അക്രമിയെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് സിപിഎം ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് തോപ്പില്‍ സംഘര്‍ഷാവസ്ഥയും ലാത്തിചാര്‍ജുമുണ്ടായി. നടക്കാവ് സി.ഐ ടി.കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ഇസ്മായിലിന്റെ പരാതി പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.

അതേസമയം സംഭവത്തില്‍ മൂന്നോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വെള്ളയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഹാഷിമിനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.