മരിച്ച മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തിന് എം.എ യുസഫലി 10 ലക്ഷം നല്‍കും

അബുദാബി: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ചു മരിച്ച സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫ് കെ.എം ബഷീറിന്റെ കുടുംബത്തിന് താങ്ങായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി . ഭാര്യയും പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുട്ടികളുമുള്ള ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് എം.എ യൂസഫലി അറിയിച്ചു. ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു. തുക ഉടന്‍ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെയാണു ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീര്‍ മരിച്ചത്. ക്ലബിലെ പാര്‍ട്ടികഴിഞ്ഞു പെണ്‍സുഹൃത്തിനൊപ്പം ശ്രീറാം മടങ്ങവേ മ്യൂസിയം റോഡില്‍ പബ്ലിക് ഓഫിസിനു മുന്‍പിലാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ടാണ് ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്‌റ്റെന്നാണ് പൊലീസ് അറിയിച്ചത്. ശ്രീറാം വെങ്കിട്ടരാമനെതിരെയും വാഹനത്തിനെതിരെയും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിച്ചു. നിയമപരമായ എല്ലാ തുടര്‍നടപടികളുമെടുക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി. അപകടസമയത്ത് കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഇക്കാര്യമുണ്ട്.

SHARE