കാമുകിയെത്തേടി ആംബുലന്‍സില്‍ വടകരയിലെത്തിയെ മൂന്നു യുവാക്കള്‍ പോലീസ് പിടിയില്‍

കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്നും വടകരയിലെത്തിയെ മൂന്നു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരിലൊരാളുടെ കാമുകിയായ വടകര സ്വദേശിനിയെ തിരുവനന്തപുരത്തേക്ക് കടത്താനെത്തിയെന്നാണ് മൂവരുമെന്നാണ് വിവരം.

തിരുവനന്തപുരത്തുനിന്ന് ആംബുലന്‍സില്‍ വടകരയില്‍ കാമുകിയെ തേടിയെത്തിയ യുവാവിനേയും രണ്ട് സുഹൃത്തുക്കളേയും വടകര കുരിയാടിയിലേക്ക് പോകുന്ന റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിടുത്തത്. വടകരയില്‍ അങ്ങാടിയില്‍ തിരിഞ്ഞുകളുക്കുന്ന രീതിയില്‍ ആംബുലന്‍സ് കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. പിന്നീട്, എസ്.ഐ. കെ.എ. ഷറഫുദീന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തിരുവനന്തപുരം ചിറിയന്‍കീഴിലെ കിഴുവിലം ഉണ്ണി ക്വാര്‍ട്ടേഴ്സില്‍ ശിവജിത്ത് (22), വെള്ളക്കടവ് സ്വദേശി ഉണ്ണി (29), അരമട പുന്നക്കമുകള്‍ മേലേ പുത്തന്‍ വീട്ടില്‍ സബീഷ് (34) എന്നിവരാണ് പിടിയിലായത്.

ആംബുലന്‍സുമായി ഇവരെ ചൊവ്വാഴ്ച രാവിലെ ചോറോട് ഭാഗത്ത് കണ്ടിരുന്നു. രോഗിയെ ഇറക്കി പോവുകയാണെന്നാണ് അന്ന് മറുപടി കിട്ടിത്. പിന്നീടാണ് ഇതേ സംഘം വടകര-കുരിയാടി റോഡിലും ചുറ്റിക്കറങ്ങിയത്. നാട്ടുകാരും പിന്നാലെയെത്തിയ റവന്യൂവകുപ്പ് സംഘവും കാര്യങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം കിട്ടിയില്ല. വീണ്ടും പോലീസെത്തി കൂടുതല്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കാമുകിയെ തേടി വന്നതാണെന്ന് ശിവജിത്ത് മൊഴി നല്‍കി.

വഴിയറിയാതെ ചുറ്റുമ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പെണ്‍കുട്ടിയെ കൂട്ടിപ്പോകാനുള്ള വരവാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ലോക്ഡൗണ്‍ ലംഘനത്തിനാണ് ഇപ്പോള്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനും നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പെര്‍മിറ്റ് റദ്ദാക്കാന്‍ ആര്‍.ടി.ഒ.യ്ക്ക് റിപ്പോര്‍ട്ട് നല്‍കും. ആംബുലന്‍സ് വിട്ടുനല്‍കിയിട്ടില്ല.

SHARE