ക്ഷേമ പെന്‍ഷന്‍ അട്ടിമറി: ആഗസ്റ്റ് 18ന് പഞ്ചായത്ത് തലങ്ങളില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ധര്‍ണ്ണ

കോഴിക്കോട്: ക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കാനുള്ള ഇടത്പക്ഷ സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് 18ന് ശനിയാഴ്ച പഞ്ചായത്ത്തലത്തില്‍ ധര്‍ണ്ണ സംഘടിപ്പിക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന പെന്‍ഷനുകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ മാനദണ്ഡങ്ങള്‍ ഭൂരിപക്ഷം പേരെയും അനര്‍ഹരാക്കുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ജൂലൈ 6ന് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 1200 സ്‌ക്വയര്‍ ഫീറ്റില്‍ മുകളില്‍ വീടുള്ളവര്‍ക്ക് പെന്‍ഷന്‍ അര്‍ഹതയുണ്ടാവില്ല.
പെന്‍ഷന് അപേക്ഷ നല്‍കി ഒരു വര്‍ഷത്തോളമായി കാത്തിരിക്കുന്ന മഹാഭൂരിപക്ഷം പേരും 1200 സ്‌ക്വയര്‍ഫീറ്റിന് മുകളില്‍ ഉള്ള വീടുകളിലാണ് താമസിക്കുന്നത് എന്നിരിക്കെ അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യോഗം കുറ്റപ്പെടുത്തി. അടിയന്തിരമായി ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
2017 മെയ് മുതല്‍ വെബ്‌സൈറ്റ് സര്‍ക്കാര്‍ ഓപ്പണ്‍ ആക്കാത്തത് മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പെന്‍ഷന് വേണ്ടി ലഭിച്ച അപേക്ഷകള്‍ ‘ഡാറ്റ എന്‍ട്രി’ നടത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ മാത്രമാണ് ‘ഡാറ്റാ എന്‍ട്രി’ ക്കായി വെബ്‌സൈറ്റ് ഓപ്പണ്‍ ആക്കിയത്. സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ‘ഡാറ്റാ എന്‍ട്രി’ നല്‍കിയത് മുതലേ പെന്‍ഷന് അര്‍ഹതയുണ്ടാവുകയുള്ളൂ.
മുന്‍കാലങ്ങളില്‍ ഒരു അപേക്ഷകന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയത് മുതല്‍ പെന്‍ഷന് അര്‍ഹതയുണ്ടാകുമെന്ന സാഹചര്യമാണ് ഈ സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇത് വഴി ഒരു വര്‍ഷത്തെ പെന്‍ഷനാണ് അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിഷേധിക്കുന്നത്. പെന്‍ഷന്‍ സമ്പ്രദായത്തെ അട്ടിമറിക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു.
നജീബ് കാന്തപുരം, അഡ്വ. വി.കെ ഫൈസല്‍ ബാബു, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.എ അബ്ദുള്‍ കരീം, മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി പ്രസംഗിച്ചു. ടി.ഡി കബീര്‍, പി.വി ഇബ്രാഹിം മാസ്റ്റര്‍, സമീര്‍ പറമ്പത്ത്, കെ. ഹാരിസ്, സി.കെ ആരിഫ്, സാജിദ് നടുവണ്ണൂര്‍. കെ.കെ. നവാസ്, കെ.ടി അഷറഫ്, സി.എ സാജിദ്, ഗഫൂര്‍ കോല്‍ക്കളത്തില്‍, കെ.കെ അഫ്‌സല്‍, അന്‍സാര്‍ മുണ്ടാട്ട്, ടി.കെ നവാസ്, സി.എം അന്‍സാര്‍, കെ.എ മാഹീന്‍, നിയാസ് റാവുത്തര്‍, റഫീഖ് ചാമക്കാല, എ. ഷാജഹാന്‍ , പി ബിജു, അഡ്വ. കാര്യറ നസീര്‍, ഡി. നൗഷാദ്, മിസ്ഹബ് കീഴരിയൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

SHARE