കട്ടാങ്ങല്‍ : ചാത്തമംഗലം പഞ്ചായത്തിലെ എന്‍ഐടി കോവിഡ് സെന്ററുകളില്‍ കഴിയുന്ന പ്രവാസികളോട് കഴിഞ്ഞ ദിവസങ്ങളില്സംസ്ഥാന സര്‍ക്കാറിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചകള്‍ക്കെതിരെ യൂത്ത്ലീഗ് നടത്തിയ സമരം വിജയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സെന്ററില്‍ എത്തിയ പ്രവാസികള്‍ ഭക്ഷണവും,വെള്ളവുമില്ലാതെ ദുരിതത്തിലായിരുന്നു. കൈക്കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള പ്രവാസികള്‍ ഏറെ നേരം ഭക്ഷണം ലഭിക്കാതെയാണ് കഴിച്ചു കൂട്ടിയത്. ഇവരുടെ ബന്ധുക്കള്‍ ചാത്തമംഗലം പഞ്ചായത്ത് യൂത്ത്ലീഗ് നേതൃത്വവുമായി കഴിഞ്ഞ ദിവസം രാത്രിയില്‍ ബന്ധപ്പെട്ടപ്പോഴാണ് വാര്‍ത്ത പുറംലോകമറിയുന്നത്.
യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ രാത്രി ഒരുമണിക്ക് കട്ടാങ്ങലിലെ ഒരു കടതുറപ്പിച്ച് ഭക്ഷണം വിതരണം ചെയ്തു. ഇന്നലെ രാവിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ ജില്ലാ കലക്ടറുടെ അഭ്യര്‍ത്ഥന മാനിച്ച് സമരം മാറ്റിവെക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ പ്രിയങ്കയും ഹെല്‍ത്ത് ഉദ്യോഗസ്ഥരും നേരിട്ടെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി അടിയന്തരമായി വേണ്ട സൗകര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഡ്യൂട്ടിക്ക് അധികം ഉദ്യോഗസ്ഥരെ നിയമിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
മുസ് ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ ഖാദര്‍ മാസ്റ്റര്‍, എം.ബാബുമോന്, ഒ.എം നൗഷാദ്, പി.കെ ഹഖീം മാസ്റ്റര്‍ കളന്തോട് , കുഞ്ഞിമരക്കാര്‍ മലയമ്മ, ,ഷമീര്‍ പാഴൂര്‍, റിയാസ് മലയമ്മ, സജീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. റസാഖ് പുള്ളനൂര്, റഊഫ് മലയമ്മ, റഈസ് താത്തൂര്‍, നൗഷാദ് കുറ്റിക്കുളം,സിദ്ധീഖ് ഈസ്റ്റ് മലയമ്മ, റജീബ് പാലക്കുറ്റി, യാസീന്‍, ഫാസില്‍ കളന്തോട്, ഫസലുറഹ്മാന് പാലക്കുറ്റി ഷാജഹാന് പാഴൂര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.