കോഴിക്കോട്: സമരാവേശത്തിന് മുമ്പില്‍ രാപകലുകള്‍ സുല്ലിട്ടു; യുവ ലക്ഷങ്ങള്‍ അണിചേര്‍ന്നൊഴുകിയെത്തി അറബിക്കടലോരത്ത് പൗരസാഗരം തീര്‍ത്തപ്പോള്‍ ഫാഷിസ്റ്റ് ഭരണകൂടം വിറകൊണ്ടു. മഴയും വെയിലും കുന്നും മലയും താണ്ടി പോരാട്ട വീര്യത്തിന്റെ അലമാലകള്‍ തീര്‍ത്ത് യുവ മുന്നേറ്റം പുതിയ പോര്‍മുഖം തുറന്നപ്പോള്‍ ജനിച്ച മണ്ണില്‍ മരിക്കുവോളം അന്തസ്സോടെ ജീവിക്കുമെന്ന പ്രഖ്യാപനം അലമാലകളായി പ്രകമ്പനം കൊണ്ടു. മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെയും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെയും നേതൃത്വത്തില്‍ പതിനായിരങ്ങളാണ് ഇരു ദിവസങ്ങളിലായി നടന്ന ഡേ നൈറ്റ് മാര്‍ച്ചില്‍ അണിനിരന്നത്.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തീ തുപ്പുന്ന തോക്കുകള്‍ക്ക് നേരെ ആത്മാഭിമാനത്തോടെ നെഞ്ചൂക്ക് കാണിച്ചവരുടെ നിണമണിഞ്ഞ പൂക്കോട്ടൂര്‍ ശുഹദാക്കളുടെ തിരുമുറ്റത്തുനിന്ന് ആരംഭിച്ച് പടപ്പാട്ടിന്റെ ഇശലുകള്‍ മൂളുന്ന കൊണ്ടോട്ടിയും പിന്നിട്ടാണ് യാങ്കികളെ തടഞ്ഞ ഫറോക്ക് പാലവും കടന്ന് സാമൂതിരിയുടെ നാട്ടിലേക്ക് ഒഴുകിയത്. ഇന്നലെ രാവിലെ ഫറോക്ക് ചുങ്കത്തു നിന്ന് പുനരാരംഭിച്ച് കുഞ്ഞാലിമരക്കാരുമാരുടെ പടക്കപ്പലുകള്‍ നങ്കൂരമിട്ട കടപ്പുറകത്തേക്ക് മഹാനദിപോലെ ഒഴുകുകയായിരുന്നു. ഉച്ചവെയിലിനെ തോല്‍പ്പിക്കുന്ന ആവേശവുമായി ജില്ലയിലെ പതിനായിരത്തിലേറെ യുവാക്കള്‍ സൗത്ത് ബീച്ചിലെത്തുമ്പോള്‍ സംസ്ഥാനത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുമുള്ള ലക്ഷത്തോളം യുവാക്കള്‍ കൂടെ ഒഴുകിയപ്പോള്‍ കടപ്പുറത്തെ സമാപന നഗരിയിലേക്കെത്താതെ കണ്ണെത്താ ദൂരത്ത് ജനസാഗരം അലയടിച്ചു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ദേശീയപാതയോരത്തും കക്ഷി രാഷ്ട്രീയ ഭേദമന്യെ ആയിരങ്ങള്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്തു. ഉച്ചവെയിലിനെ തോല്‍പ്പിക്കുന്ന ആവേശത്തോടെ നായകന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപ നായകന് പി.കെ ഫിറോസ്, മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന ഭാരവാഹികളായ എം.എ സമദ്, നജീബ് കാന്തപുരം, അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.എ അബ്ദുള്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, എ.കെ.എം അഷ്റഫ്, എം.എസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ കെ.കെ നവാസ് എന്നിവര്‍ക്ക് പിന്നില്‍ യുവ പോരാളികള്‍ ചിട്ടയോടെ അടിവെച്ചു നീങ്ങി.