പിറന്ന മണ്ണില്‍ ജീവിക്കാന്‍ ഡേനൈറ്റ് മാര്‍ച്ചുമായി യൂത്ത് ലീഗ്

കോഴിക്കോട്: മതത്തിന്റെ പേരില്‍ വിഭാഗീയതയുണ്ടാക്കി രണ്ട്തരം പൗരന്‍മാരെ സൃഷ്ടിക്കുന്ന മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ഡേനൈറ്റ് മാര്‍ച്ച് ഇന്ന് ആരംഭിക്കും.വൈകീട്ട് 3മണിക്ക് സ്വാതന്ത്യ സമര രക്തസാക്ഷികളുടെ ഖബറിടം സ്ഥിതി ചെയ്യുന്ന മലപ്പുറം പൂക്കോട്ടൂരില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 16ന് തിങ്കളാഴ്ച വന്‍ റാലിയോടെ സ്വാതന്ത്രൃ സമര സ്മരണകള്‍ നിലനില്‍ക്കുന്ന കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. സമാപന റാലി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥി ആയി പങ്കെടുക്കും. സമാപന റാലിയെ മുസ് ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുള്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, അഖിലേന്ത്യാ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, വിവിധ മത സംഘടന പ്രതിനിധികള്‍ അഭിവാദ്യം ചെയ്യും. പൂക്കോട്ടൂരില്‍ നിന്നും പ്രയാണം ആരംഭിക്കുന്ന മാര്‍ച്ച് ഇന്നു രാത്രി കോഴിക്കോട് ജില്ലയിലെ ഫറോക്ക് ചുങ്കത്ത് സമാപിക്കും. തിങ്കളാഴ്ച രാവിലെ 9മണിക്ക് ചുങ്കത്ത് നിന്നും മാര്‍ച്ച് പ്രയാണമാരംഭിക്കും. പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധവും രാജ്യത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്തതുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറ പി.കെ ഫിറോസും പറഞ്ഞു.

മുസ്ലിംങ്ങളെ മാത്രം ഒഴിവാക്കി മറ്റുള്ള മതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമം അപരവത്കരണത്തിന് ആക്കം കൂട്ടുന്നതാണ്. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കി ഏതെങ്കിലും ഒരു വിഭാഗത്തെ രാജ്യത്ത് നിന്നും പുറംന്തള്ളാമെന്ന സംഘ്പരിവാര്‍ ആഗ്രഹം വ്യാമോഹം മാത്രമാണ് നേതാക്കള്‍ തുടര്‍ന്നു. രാജ്യത്തിന്റെ സ്വാതന്ത്രൃ സമരത്തില്‍ നിന്നും വഴിമാറി നടന്നവര്‍ക്ക് സ്വാതന്ത്രൃ സമര രക്തസാക്ഷികളുടെ പിന്‍മുറക്കാരുടെ രേഖകള്‍ പരിശോധിക്കാന്‍ അവകാശമില്ലന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് വന്‍ വിജയമാക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.

നാളെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മുസ്ലിം യൂത്ത്‌ലീഗ് ഡേനൈറ്റ് മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ പ്രമുഖ മുസ്ലിം സംഘടനാ നേതാക്കള്‍ പങ്കെടുക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി (സമസ്ത), ടി.പി. അബ്ദുല്ലക്കോയ മദനി, (കെ.എന്‍.എം), സി.പി. ഉമര്‍ സുല്ലമി (കെ.എന്‍.എം.മര്‍കസുദ്ദഅവ), നജീബ് മൗലവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്ലാമി), അബുല്‍ ഖൈര്‍ മൗലവി (തബ് ലീഗ് ജമാഅത്ത് ), സി.പി കുഞ്ഞി മുഹമ്മദ് (എം.എസ്.എസ്), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, (കോഴിക്കോട് ഖാസി) എന്നിവര്‍ പങ്കെടുക്കും.

SHARE