അമ്മാവന്റെ ഭാര്യയുമായി രഹസ്യബന്ധം; സംഭവം ചോദ്യംചെയ്തതിന് അമ്മാവനെയും മകളെയും കഴുത്തറുത്ത് കൊന്നു

ഗാസിയാബാദ്: രഹസ്യബന്ധം ചോദ്യംചെയ്ത അമ്മാവനെയും മകളെയും യുവാവ് കഴുത്തറുത്ത് കൊന്നു. സാഹിബാബാദില്‍ താമസിക്കുന്ന അബ്ദുള്ള(38), മകള്‍ ഹഫ്‌സ(എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അബ്ദുള്ളയുടെ സഹോദരി പുത്രനായ സാഫിറിനെ(27) പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെയാണ് അബ്ദുള്ളയെയും മകളെയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബന്ധുവായ പര്‍വേസ് അബ്ദുള്ളയെ തിരഞ്ഞ് വീട്ടിലെത്തിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് സമീപത്തെ വീടിന്റെ ടെറസിലൂടെ അബ്ദുള്ളയുടെ വീടിന് മുകളിലേക്ക് കയറി അകത്തുകടന്ന് പരിശോധിച്ചപ്പോഴാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന ഇരുവരുടെയും മൃതദേഹം കണ്ടത്. ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.പൊലീസിന്റെ അന്വേഷണത്തിലാണ് അബ്ദുള്ളയുടെ ഭാര്യ റുക്‌സാനയും ബന്ധുവായ സാഫിറും തമ്മില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അടുപ്പത്തിലാണെന്ന് വ്യക്തമായത്. തുടര്‍ന്ന് സാഫിറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് സാഫിറുമായുള്ള ബന്ധത്തെക്കുറിച്ച് അബ്ദുള്ള ഭാര്യയെ ചോദ്യംചെയ്തിരുന്നു. ഇക്കാര്യത്തെച്ചൊല്ലി ഇരുവരും വഴക്കിടുകയും ചെയ്തു. ഇതിനു പിന്നാലെ മറ്റ് രണ്ട് കുട്ടികളുമായി റുക്‌സാന സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. വ്യാഴാഴ്ച രാത്രി ഇക്കാര്യമറിഞ്ഞ് കുപിതനായ സാഫിര്‍ അമ്മാവനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. പൈപ്പിലൂടെ ടെറസിന് മുകളില്‍ കയറി സാഫിര്‍ വീടിനകത്ത് പ്രവേശിച്ചു. ഉറങ്ങുകയായിരുന്ന അബ്ദുള്ളയെ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തി. പിതാവിന്റെ കരച്ചില്‍ കേട്ടെത്തിയ മകള്‍ ഹഫ്‌സയെയും പ്രതി കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

SHARE