പ്രണയബന്ധം അവസാനിപ്പിച്ചതിന് മുന്‍കാമുകിയെ യുവാവ് കുത്തിക്കൊന്നു

ചെന്നൈ: പ്രണയബന്ധം അവസാനിപ്പിച്ചതിന് മുന്‍ കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ്. കോയമ്പത്തൂര്‍ സ്വദേശിനി ഐശ്വര്യ (18) ആണ് കൊല്ലപ്പെട്ടത്. മുന്‍ കാമുകന്‍ രതീഷിനെതിരെ (20) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാള്‍ ഒളിവിലാണ്.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഐശ്വര്യയും രതീഷും ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്നു. മാതാപിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നു ബന്ധം അവസാനിപ്പിക്കാന്‍ ഐശ്വര്യ തീരുമാനിച്ചു. നാലു മാസം മുന്‍പാണ് അവസാനമായി ഇരുവരും സംസാരിച്ചത്. എന്നാല്‍ പ്രണയം പുനരാരംഭിക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ച രാത്രി രതീഷ് ഐശ്വര്യയുടെ വീട്ടിലെത്തി.

ഇരുവരുടെയും സംസാരം വാക്കുത്തര്‍ക്കത്തിലേക്ക് എത്തി. രതീഷ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഐശ്വര്യയുടെ വയറില്‍ പലതവണ കുത്തി. ഐശ്വര്യയുടെ കരച്ചില്‍ കേട്ട് ഓടിവന്ന പിതാവ് ശക്തിവേലിനെയും രതീഷ് ആക്രമിച്ചു. അയല്‍വാസികള്‍ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഐശ്വര്യയെ രക്ഷിക്കാനായില്ല. ശക്തിവേലിന്റെ നില ഗുരുതരമായി തുടരുകയാണ്.

SHARE