ബ്യൂട്ടി ടിപ്‌സിനിടെ എന്‍.ആര്‍.സി; തരംഗമായി യുവതിയുടെ വീഡിയോ

ചൈനയുടെ മുസ്ലിം സമീപനത്തിനെതിരെ ടിക് ടോക് വീഡിയോകളിലൂടെ പ്രചാരണം നടത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഈ അമേരിക്കന്‍ യുവതി ലോകത്തിന്റെ തന്റെ കയ്യടി നേടിയിരുന്നു.

രാജ്യാന്തര വിഷയത്തെ മേക്കപ്പ് റൂമിലേക്ക് കൊണ്ടുവരാന്‍ ധൈര്യം കാണിച്ച യുവതിയാണ് ഫെറോസ അസീസ്. ചൈനയുടെ മുസ്ലിം സമീപനത്തിനെതിരെ ടിക് ടോക് വീഡിയോകളിലൂടെ പ്രചാരണം നടത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഈ അമേരിക്കന്‍ യുവതി ലോകത്തിന്റെ തന്റെ കയ്യടി നേടിയിരുന്നു. ബ്യൂട്ടി ടിപ്‌സിനിടെ രാഷ്ട്രീയം പറഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റിയ ഫെറോസ അസീസിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പുതിയ വീഡിയോയില്‍ കണ്‍തടങ്ങള്‍ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്ന് പരിശീലിപ്പിക്കുന്നതിനിടെ ഫെറോസ പുതിയ വിഷയമായി അവതരിപ്പിക്കുന്നത് ഇതിനോടകം വിവാദമായിക്കഴിഞ്ഞ ഇന്ത്യന്‍ പൗരത്വ നിയമം ആണ്. തണുപ്പുകാലത്ത് ചര്‍മ്മം എങ്ങനെ സംരക്ഷിക്കാം എന്നതാണ് ഫെറോസയുടെ വിഷയം. 17 വയസ്സുകാരിയുടെ വീഡിയോയുടെ ദൈര്‍ഘ്യം 44 മിനിറ്റ് മാത്രമാണ്. തൊലി വിണ്ടുകീറുന്നത് തടയാന്‍ പുതിയൊരു വിദ്യ പഠിപ്പിച്ചുതരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന വീഡിയോ പെട്ടെന്ന് വിഷയം ഇന്ത്യന്‍ പൗരത്വ നിയമത്തിലേക്കു വഴിമാറുകയായിരുന്നു.

”ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ ഈ നിയമം മുസ്ലിംങ്ങളെ രാജ്യത്തുനിന്ന് ഒഴിവാക്കാനുള്ളതാണ്. ഏതെങ്കിലും മുസ്ലിമിന് ഇന്ത്യയില്‍ തന്നെ താമസിക്കണമെന്നുണ്ടെങ്കില്‍ ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടിവരും. ഇത് തെറ്റാണ്. അധാര്‍മ്മികമാണ്. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്‍മാരെ പൗരന്‍മാരെ വേര്‍തിരിക്കുന്നതും അതിര്‍ത്തി കടത്തുന്നതും ഒരിക്കലും അംഗീകരിക്കാനുമാകില്ല. ഏതുമതത്തിലാണ് നിങ്ങള്‍ വിശ്വസിക്കുന്നതെന്നത് പൗരത്വവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ഏതു മതക്കാരനാണെങ്കിലും അത് ഇന്ത്യന്‍ പൗരന്‍ ആകാന്‍ തടസ്സവുമല്ല” ഫെറോസ പറയുന്നു.

ഇത്രയും പറഞ്ഞതിനുശേഷം ഫെറോസ വീണ്ടും ചര്‍മം വിണ്ടുകീറാതിരിക്കാനുള്ള വിദ്യ പഠിപ്പിക്കുന്നതിലേക്കു തിരിഞ്ഞു. വീഡിയോ വൈറലായത്തോടെ ഫെറോസയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തുവരുകയും ചെയ്തു.

SHARE