ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തുകയും സഹോദരെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത് രക്ഷപ്പെട്ട യുവതിയെ പൊലീസ് പിടികൂടി. സോഫ്റ്റ്വെയര് എഞ്ചിനീയറായ മൂപ്പത്തിമൂന്നുകാരി അമൃത ചന്ദ്രശേഖറിനെയാണ് ബുധനാഴ്ച ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം അവധി ആഘോഷിക്കുന്നതിനിടെയാണ് അമൃതയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി രണ്ടിന് ബെംഗളൂരിലെ കെആര്‍ പുരം രാമമൂര്‍ത്തിനഗറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അമൃത അമ്മയെ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അതിദാരുണമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ കറികത്തിയുമായി സഹോദരന്റെ മുറിയിലെത്തുകയും കഴുത്തില്‍ കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നു. അമൃതയുടെ ആക്രമണത്തില്‍നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട സഹോദരന് ഹരീഷ് (31) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിനുശേഷം ഒളിവില്‍പോയ അമൃതയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. അമൃതയുടെ ഫോണ്‍ ലോക്കേഷന്‍ പിന്തുര്‍ന്ന പൊലീസ് അവര്‍ ആന്‍ഡമാനിലേക്ക് കടന്നതായി കണ്ടെത്തി. ഇതിന് പിന്നാലെ ബെംഗളൂരു വിമാനത്താവളത്തിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും അതില്‍നിന്ന് അമൃതയെ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ആന്‍ഡമാനിലേക്ക് പുറപ്പെടുകയും ബുധനാഴ്ച രാവിലെ പതിനൊന്നരയോടുകൂടി അമൃതയേയും കാമുകനെയും പിടികൂടുകയുമായിരുന്നുവെന്ന് വൈറ്റ്ഫീല്‍ഡ് ഡിസിപി പറഞ്ഞു.
സംഭവത്തില്‍ അമൃതയ്ക്കെതിരെ കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പികളില്‍ കെആര്‍പുരം പൊലീസ് കേസെടുത്തിട്ടുണ്ട്. സഹോദരന് ഹരീഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 15 ലക്ഷം രൂപയുടെ കടബാധ്യതയാണ് അമൃതയെ അമ്മയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കടം വാങ്ങിയ പണം ചോദിച്ചുകൊണ്ട് ആളുകള്‍ വീട്ടിലേക്ക് വരുമെന്നും അതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്നും അമൃത ആക്രമിക്കുന്നതിനിടയില്‍ പറഞ്ഞിരുന്നതായി ഹരീഷ് പൊലീസിനോട് പറഞ്ഞിരുന്നു. ഹരീഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.