യുവനടി പത്മജയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ചെന്നൈ: തമിഴ് യുവനടി പത്മജയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെന്നൈ തിരുവട്ടിയൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു നടി. ഭര്‍ത്താവുമായി പിണങ്ങി നടി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

നടി താമസിച്ചിരുന്ന മുറി രണ്ടു ദിവസമായി പൂട്ടിയിട്ട നിലയിലായിരുന്നു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ വീട്ടുടമസ്ഥനെയും പൊലീസിനെയും വിവരം അറിയിച്ചു. അവര്‍ വീട് തുറന്നപ്പോഴാണ് പത്മജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

തമിഴ് സിനിമകളില്‍ സഹനടിയായിരുന്നു പത്മജ. ഷൂട്ടിംഗ് കഴിഞ്ഞ് വൈകി വരുന്നതിനെച്ചൊല്ലിയുള്ള കലഹത്തെത്തുടര്‍ന്നാണ് രണ്ടുമാസം മുമ്പ് ഭര്‍ത്താവ് പവന്‍ നടിയെ ഉപേക്ഷിച്ച് വീടുവിട്ടുപോയത്. ഇവര്‍ക്ക് രണ്ടു വയസ്സുള്ള മകനുണ്ട്. ഈ കുട്ടിയെയും ഭര്‍ത്താവ് കൂടെ കൊണ്ടുപോയി.

ഇതേത്തുടര്‍ന്ന് നടി പുരുഷസുഹൃത്തിനൊപ്പം ഇവിടെ താമസം തുടരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആണ്‍സുഹൃത്തുമൊത്തുള്ള ജീവിതം ശ്രദ്ധയില്‍പ്പെട്ട വീട്ടുടമ, നടിയോട് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. നടി ശനിയാഴ്ച സഹോദരിയുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി നടി സഹോദരിയോട് സൂചിപ്പിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നമാകാം മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതിനിടെ നടിക്കൊപ്പം ഉണ്ടായിരുന്ന പുരുഷ സുഹൃത്തിനെ കാണാനില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.