യു.പി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ചോദ്യം പോസ്റ്ററായി രംഗത്ത്. യു.പിയില്‍ കോണ്‍ഗ്രസിനുവേണ്ടി അണിയറയില്‍ ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ കാണാനില്ലെന്ന ചോദ്യമാണ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ പോസ്റ്ററായത്. പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍ ലക്‌നൗവിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസിനു മുന്നിലാണ് പ്രത്യക്ഷപ്പെട്ടത്. അതേസമയം വിഷയം ശ്രദ്ധയില്‍പെട്ട കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബാബര്‍ പോസ്റ്റര്‍ ഉടനടി എടുത്തമാറ്റാന്‍ നിര്‍ദേശിച്ചു.

congress-prashant-kishoreസംസ്ഥാന അധ്യക്ഷന്‍ രാജ് ബാബര്‍ ഓഫിസിലെത്തിയപ്പോഴാണ് പോസ്റ്റര്‍ കാണുന്നത്. സംഭവത്തിനു പിന്നില്‍ പാര്‍ട്ടി സെക്രട്ടറി രാജേഷ് സിങാണെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തു.
എന്നാല്‍ ആരോപണം രാജേഷ് നിഷേധിച്ചു. പ്രശാന്ത് കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങളെ വിഡ്ഢികളെപ്പോലെ പണിയെടുപ്പിക്കുകയായിരുന്നു. അദ്ദേഹം പറയുന്നതെല്ലാം എതിര്‍പ്പൊന്നും കൂടാതെ ഞങ്ങള്‍ ചെയ്തിരുന്നു. പാര്‍ട്ടിയെ രക്ഷിക്കുന്നതിന് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ സഹായകമാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും ഇതില്‍ ഞങ്ങള്‍ക്ക് മറുപടി വേണമെന്നും രാജേഷ് വ്യക്തമാക്കി.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി നേടിയ വന്‍ വിജയത്തിനുപിന്നാലെയാണ് പ്രശാന്ത് കിഷോര്‍ പ്രശസ്തി നേടിയത്. പിന്നാലെ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനായി തന്ത്രങ്ങളൊരുക്കി മോദി വിരുദ്ധ ചേരിയുടെ കുന്തമുനയുമായി. മഹാസഖ്യം തകര്‍പ്പന്‍ വിജയത്തോടെയാണ് ഇവിടെ അധികാരം പിടിച്ചത്. ഇതേത്തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിക്കാന്‍ കോണ്‍ഗ്രസിന് സഹായമായി പ്രശാന്ത് എത്തിയത്.