ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മുസ്ലിംകളുടെ കടകളും വീടുകളും തിരഞ്ഞുപിടിച്ച് തകര്‍ക്കുന്നത് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ചിത്രങ്ങള്‍. ഹിന്ദു വീടുകള്‍ മനസ്സിലാക്കുവാന്‍ കാവിക്കൊടി കെട്ടിയിരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കടകളുടേയും ചിത്രങ്ങള്‍ പ്രചരിച്ചു. ശിവ ഓട്ടോ വര്‍ക്ക്സിനും, ത്യാഗി സ്റ്റോറിനും സംരക്ഷണം നല്കുന്ന അക്രമികള്‍ സുല്‍ഫിക്കറിന്റെ കടമാത്രം തല്ലിത്തകര്ത്തിരിക്കുന്നതാണ് പുറത്തുവന്ന ചിത്രം. സി.എ.എ അനുകൂലികളായ കലാപകാരികള്‍ പോലീസിന്റെ സംരക്ഷണത്തിലും സഹായത്താലുമാണ് ആക്രമണം നടത്തുന്നതെന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവരുമ്പോള്‍ ഇതുതന്നെയാണ് സിഎഎ എന്ന തുറന്നുകാട്ടല്‍ കൂടിയാലുവുകയാണ്.
സംഭവസ്ഥലത്ത് മൂന്ന് സ്ഥാപനങ്ങളാണ് ഉള്ളത്. ഒന്ന് ശിവ ഓട്ടോ വര്‍ക്സ് മൂന്നാമത്തേത് ത്യാഗി സ്റ്റോര്‍.നടുക്കുള്ളത് സുല്‍ഫിക്കര്‍ മാലിക് നടത്തുന്ന കട. എന്നാല്‍ നടുക്കുള്ളതു മാത്രം നശിച്ചിരിക്കുന്നതായി ചിത്രത്തില്‍ കാണാം. ഇത് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്നത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ മുസ്ലിം വിരുദ്ധ കലാപമാണെന്നതിനുള്ള വ്യക്തമായ തെളിവാണ്.
മൗജ്പൂര്, ബാബര്‍പൂര്‍ എന്നിവിടങ്ങളില്‍ പുറത്തുനിന്നുള്ള അക്രമികള്‍ കാവിക്കൊടി കെട്ടിയിരുന്ന വീടുകള്‍ ഒഴിവാക്കി മുസ്ലിം വീടുകള്‍ മാത്രം തിരഞ്ഞെടുത്താണ് അക്രമം നടത്തിയത്. ഒരിടത്ത് അക്രമം നടത്തി പിരിഞ്ഞുപോയവര്‍ തന്നെയാണ് മറ്റിടങ്ങളിലും അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അക്രമം തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ പടര്‍ന്നുപിടിച്ചതും ആയുധങ്ങള്‍ എത്തിച്ചതും കലാപം ആസൂത്രിതമാണെന്ന് തെളിയിക്കുന്നത്. ട്രാക്ടറുകളില്‍ കല്ലുകള്‍ കൊണ്ടുവന്ന് റോഡ് സൈഡില്‍ കൂട്ടിയിടുകയായിരുന്നു. ഇതുപയോഗിച്ചാണ് അക്രമികള്‍ സി.എ.എ വിരുദ്ധ സമരക്കാരെ എറിഞ്ഞത്. പൊലീസ് നോക്കി നില്‍ക്കെയാണ് അക്രമികള്‍ മുസ്ലിങ്ങള്‍ക്കെതിരെ കെട്ടിടത്തിന് മുകളില്‍ കയറി നിന്ന് നിറയൊഴിച്ചത്. കകല്ലുകള് ചക്കാലാക്കാന് പോലും പൊലീസ് കാവല്‍ നില്ക്കുന്ന ദൃശ്യങ്ങള്‍ വരെ പുറത്തായിട്ടുണ്ട്. ഡല്‍ഹി ജാമിഅയിലെയും ഷഹീന്‍ബാഗിലെയും വെടിവെപ്പിന് ശേഷം ഡല്‍ഹിയില്‍ കലാപം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്കുന്ന തരത്തിലാണ് ഡല്‍ഹി പൊലീസ് പ്രവര്‍ത്തിച്ചത്.
അതേസമയം, ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി എം.പി ഗൗതം ഗംഭീറും പറഞ്ഞു. കപില്‍ മിശ്രയുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ല. കപില്‍ മിശ്രക്കെതിരെ നടപടി എടുക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കില്‍ അത് കപില്‍ മിശ്ര ആയാലും മറ്റാരായാലും ഏതു പാര്‍ട്ടിക്കാരനായാലും മുഖംനോക്കാതെ നടപടി എടുക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കപില്‍ മിശ്ര നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സി.എ.എ അനുകൂലികളെന്ന പേരില്‍ തെരുവിലിറങ്ങി കലാപം നടത്തിയത്. വളരെ ആസൂത്രിതമായി മുസ് ലിംകളെ മാത്രം തിരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു. ഒരു പൊലീസുകാരനടക്കം ഏഴുപേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്.