മുംബൈ: ലോക്ക്ഡൗണ്‍ മൂലം കുടിയേറ്റത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ കേന്ദ്രസര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ബോളിവുഡ് സംവിധായകന് അനുഭവ് സിന്‍ഹ. വിഷയം പരിഹരിക്കുന്നതില്‍ സര്‍ക്കാറും പ്രധാനമന്ത്രിയും ദയനീയമായി പരാജയപ്പെട്ടെന്ന് സിന്‍ഹ കുറ്റപ്പെടുത്തി. ട്വിറ്ററിലാണ് ഥപ്പട് സംവിധായകന്റെ പ്രതികരണം.
‘നാല്‍പ്പത്തിയഞ്ചു ദിവസമായി സര്‍ക്കാര്‍ ടെലിവിഷന്‍ കാണുന്നുണ്ടാകും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. വീടുകളില്‍ എത്താന്‍ വേണ്ടി അവര്‍, കുഞ്ഞുങ്ങളും ഗര്‍ഭിണികളും ആയിരക്കണക്കിന് മൈല്‍ നടക്കുകയാണ് ഇപ്പോഴും. അവര്‍ക്ക് ഭക്ഷണവും വെള്ളവും പണവുമില്ല. ടി.വിക്ക് മുമ്പില്‍ അണിഞ്ഞൊരുങ്ങി വരുന്നതിന് മുമ്പ് ദയവായി അവരെ കുറിച്ചു കൂടി ചിന്തിക്കൂ. നിങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു!’ – എന്നാണ് സിന്‍ഹ കുറിച്ചത്.
അതിനിടെ, എല്ലാ പ്രധാനനഗരങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് തൊഴിലാളികളുടെ കുടിയേറ്റം തുടരുകയാണ്. തൊഴിലാളികളുടെ ദയനീയ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ പി.എം കെയേഴ്സ് ഫണ്ടില്‍ നിന്ന് തൊഴിലാളികള്‍ക്കായി ആയിരം കോടി രൂപ അനുവദിച്ചതായി സര്‍ക്കാര്‍ വ്യക്താക്കിയിരുന്നു. എന്നാല്‍ ഇവ കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
നേരത്തെ, ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സംസാരത്തിലും കുടിയേറ്റ തൊഴിലാളികളെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.