ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി നാളത്തേക്ക് മാറ്റി; ഡല്‍ഹി പോലീസിന് രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പോലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി തീസ് ഹസാരി കോടതി. പ്രതിഷേധത്തിനുള്ള അവകാശം ഭരണഘടനാപരമാണെന്നും ധര്‍ണ നടത്തുന്നതില്‍ എന്താണ് തെറ്റെന്നും ജഡ്ജ് കാമിനി ലോ പ്രോസിക്യൂട്ടറോട് ചോദിച്ചു.

ഡല്‍ഹി പോലീസ് സംസാരിക്കുന്നത് കേട്ടാല്‍ തോന്നും ജമാ മസ്ജിദ് പാകിസ്താനിലാണ് എന്ന് കോടതി പറഞ്ഞു. പ്രതിഷേധിച്ചതില്‍ എന്താണ് തെറ്റ്?. ജമാ മസ്ജിദ് പാകിസ്ഥാനാണെങ്കില്‍ നിങ്ങള്‍ക്ക് അവിടെ പോയി പ്രതിഷേധിക്കാം. പാക്കിസ്ഥാന്‍ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു,’ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്നും ജഡ്ജി ആവര്‍ത്തിച്ചു.

പ്രതിഷേധിക്കണമെങ്കില്‍ അനുമതി വാങ്ങണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദത്തെയും കോടതി വിമര്‍ശിച്ചു. മുന്‍കൂര്‍ അനുമതിയോടെ മാത്രമേ പൗരന്മാര്‍ക്ക് പ്രതിഷേധിക്കാന്‍ സാധിക്കൂ എന്ന് പ്രോസിക്യൂട്ടര്‍ പരാമര്‍ശിച്ചപ്പോള്‍ നിരന്തരം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സെക്ഷന്‍ 144ന്റെ ദുരുപയോഗമാണെന്ന് സുപ്രീംകോടതി പലകുറി പറഞ്ഞിട്ടുണ്ടെന്നും ജഡ്ജി ലോ ഓര്‍മ്മിപ്പിച്ചു. ധര്‍ണകളിലും പ്രതിഷേധങ്ങളിലും എന്താണ് തെറ്റെന്നും തീസ് ഹസാരി സെഷന്‍സ് കോടതി ജഡ്ജി കാമിനി ലാവു പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചു.

ഭീം ആര്‍മി തലവന്‍ ചന്ദ്ര ശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷയില്‍ ടിസ് ഹസാരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡോ. കാമിനി ലോ നടത്തിയ നിര്‍ണായക നിരീക്ഷണങ്ങളായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആസാദ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു.
എന്നാല്‍ ആ പോസ്റ്റുകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട ആസാദിന്റെ അഭിഭാഷകന്‍ മഹമൂദ് പ്രാച്ചയുമായി പങ്കിടാന്‍ പ്രോസിക്യൂട്ടര്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഏതെങ്കിലും പ്രത്യേകത അവകാശപ്പെടാനില്ലെങ്കില്‍ ആരോപണവിധേയമായ കാര്യങ്ങള്‍ പങ്കിടണമെന്ന് ജഡ്ജി കാമിനി ലോ കര്‍ശനമായി പറഞ്ഞു.

തുടര്‍ന്ന്, പ്രോസിക്യൂട്ടര്‍ ചില പോസ്റ്റുകള്‍ വായിച്ചു. സിഎഎ-എന്‍ആര്‍സി എതിര്‍ത്ത് ആസാദ് നടത്തിയ പ്രതിഷേധത്തെക്കുറിച്ചും ജമാ മസ്ജിദിന് സമീപം ധര്‍ണയെക്കുറിച്ചും പരാമര്‍ശിച്ചപ്പോള്‍ ജഡ്ജി ഇടപെട്ടു.

ധര്‍ണയുടെ കുഴപ്പം എന്താണ്? പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റ്? പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണിത്.’
അക്രമാസക്തമായ ഒന്നും തന്നെ ആസാദിന്റെ പോസ്റ്റുകളില്ലെന്ന് നിരീക്ഷിച്ച് ജഡ്ജി പറഞ്ഞു.

ഈ പോസ്റ്റുകളില്‍ എന്ത് തെറ്റാണുള്ളത്? എവിടെയാണിതില്‍ അക്രമം? നിങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍പാടില്ലെന്ന് ആരാണ് പറയുന്നത്? നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ?’ ജഡ്ജി പ്രോസിക്യൂട്ടറോട് ആരാഞ്ഞു.
‘ജമാ മസ്ജിദ് പാകിസ്ഥാനാണെന്ന മട്ടിലാണ് നിങ്ങള്‍ പെരുമാറുന്നത്. പാകിസ്ഥാനാണെങ്കിലും നിങ്ങള്‍ക്ക് അവിടെ പോയി പ്രതിഷേധിക്കാം. പാകിസ്ഥാന്‍ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു’, ജഡ്ജി തുടര്‍ന്നു.

ആസാദിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകളൊന്നും ഭരണഘടനാ വിരുദ്ധമല്ലെന്നും പ്രതിഷേധിക്കാന്‍ ഒരാള്‍ക്ക് അവകാശമുണ്ടെന്നും, ജഡ്ജി പ്രോസിക്യൂട്ടറെ ഓര്‍മ്മിപ്പിച്ചതായും.
എന്നാല്‍, പ്രതിഷേധത്തിന് അനുമതി വാങ്ങണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി.

‘എന്ത് അനുമതിയെന്നായിരുന്നു പ്രോസിക്യൂട്ടറോടുള്ള ജഡ്ജിന്റെ മറുചോദ്യം. സെക്ഷന്‍ 144 ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ദുരുപയോഗമാണെന്ന് സുപ്രീംകോടതി വ്യക്താമക്കിയതാണ് (കശ്മീര്‍ നിയന്ത്രണങ്ങളിലെ തീരുമാനത്തെ പരാമര്‍ശിച്ച്)’ ജഡ്ജി ഡോ. കാമിനി ലോ കൂട്ടിച്ചേര്‍ത്തു.

ഞാന്‍ നിരവധിയാളുകളെ കണ്ടിട്ടുണ്ട്. വിവിധ പ്രതിഷേധങ്ങളും, എന്തിന് പാര്‍ലമെന്റിന് പുറത്തുവരെ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. അവരില്‍ ചിലര്‍ ഇന്ന് മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരുമാണ് കോടതി പറഞ്ഞു. പ്രതിഷേധിക്കാന്‍ അവകാശമുള്ള ‘വളര്‍ന്നുവരുന്ന രാഷ്ട്രീയക്കാരനാണ്’ ആസാദ് എന്നും ജഡ്ജി അഭിപ്രായപ്പെട്ടു.

‘മതപരമായ സ്ഥലങ്ങള്‍ക്ക് പുറത്ത് പ്രതിഷേധിക്കുന്നത് ആരെങ്കിലും നിയമപ്രകാരം നിരോധിച്ചിട്ടുണെങ്കില്‍ അത് നിങ്ങള്‍ എന്നെ കാണിക്കണമെന്നും ജഡ്ജി പ്രോസിക്യൂട്ടറോട് പറഞ്ഞു. ആസാദ് അക്രമം നടത്തിയെന്നതിന് എന്തെങ്കിലും തെളിവുണ്ടോയെന്നും ജഡ്ജി ചോദിച്ചു.

ചെറിയ കേസുകളില്‍ പോലും തെളിവുകള്‍ രേഖപ്പെടുത്തുന്ന ഡല്‍ഹി പൊലീസിന് ഈ സംഭവത്തില്‍ എന്തുകൊണ്ടാണ് തെളിവില്ലാത്തത്. ഡല്‍ഹി പോലീസ് ഇതില്‍ വളരെ പിന്നിലാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോയെന്നും ജഡ്ജി ചോദിച്ചു.

അറസ്റ്റ് ചെയ്യാന്‍മാത്രം ഒരു പ്രശ്‌നവും നടന്നിട്ടില്ലെന്നും പ്രതിഷേധം തടയാന്‍ വേണ്ടി മാത്രമാണ് പൊലീസ് ജയിലിലാക്കിയതെന്നും ആസാദിന്റെ അഭിഭാഷകന്‍ പ്രാച്ച കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍, ആസാദ് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന് ‘ഡ്രോണ്‍ ഫൂട്ടേജ്’ തെളിവുകള്‍ ഉണ്ടെന്നായി പ്രോസിക്യൂട്ടര്‍.

ഇത് നിഷേധിച്ച പ്രതിഭാഗം വക്കീല്‍, ആസാദ് ഭരണഘടന വായിക്കുകയും സിഎഎ-എന്‍ആര്‍സിക്കെതിരെ ധര്‍ണ്ണയില്‍ സംസാരിക്കുകയുമാണ് ചെയ്തതെന്ന് കോടതിയെ ബോധിപ്പിച്ചു.

ഭീം ആര്‍മി തലവന്‍ ചന്ദ്രസേഖര്‍ ആസാദും അഭിഭാഷകന്‍ മഹമൂദ് പ്രാച്ചയും പത്രസമ്മേളനത്തില്‍ (ഫയല്‍ ചിത്രം)

അതേസമയം, കേസില്‍ ആസാദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. ആസാദിനെതിരെ യുപി പോലീസ് രജിസ്റ്റര്‍ ചെയ്തതായി പറയപ്പെടുന്ന മറ്റ് എഫ്‌ഐആര്‍ ഹാജരാക്കാനുണ്ടെന്ന പ്രോസിക്യൂട്ടറുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ജഡ്ജി കേസില്‍ വാദം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കലേക്ക് മാറ്റിയത്.

എന്നാല്‍, വാദം നീട്ടിവെക്കുന്നതിന് മുമ്പ് ജഡ്ജി ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
നിങ്ങളുടെ പ്രതിഷേധം കോടതികള്‍ക്കുള്ളില്‍ നിയമപരമായിരിക്കാം. എന്നാല്‍, കൊളോണിയല്‍ കാലഘട്ടത്തില്‍ പ്രതിഷേധം റോഡിലായിരുന്നു.
പാര്‍ലമെന്റിനുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ പറയുന്നില്ല, അതിനാലാണ് ആളുകള്‍ തെരുവിലിറങ്ങുന്നത്. നമുക്ക് നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള പരിപൂര്‍ണ്ണ അവകാശമുണ്ട്, പക്ഷേ നമ്മുടെ രാജ്യത്തെ നശിപ്പിക്കാന്‍ നമുക്ക് സാധിക്കില്ല, ജഡ്ജി ഡോ. കാമിനി ലോ തുറന്നടിച്ചു.

അതേസമയം, ചന്ദ്രസേഖര്‍ ആസാദിനെ മനപൂര്‍വമായി ഉപദ്രവിക്കുന്നതായി, അഭിഭാഷകന്‍ പ്രാച്ച കൊടതിയില്‍ പറഞ്ഞു. കോടതിയുടെ നിര്‍ദേശത്തിന് മുമ്പ് അദ്ദേഹത്തിന് ആവശ്യമായ വൈദ്യചികിത്സ പോലും നല്‍കിയിരുന്നില്ലെന്നും പ്രതിഭാഗം വക്കീല്‍ ചൂണ്ടിക്കാട്ടി.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ 21നാണ് ഭീം ആര്‍മി തലവനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഡല്‍ഹി ജമാ മസ്ജിദിനു സമീപം നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ആസാദ് അറസ്റ്റിലാകുന്നത്. ആസാദിന്റെ സംഘടനയായ ഭീം ആര്‍മി പൊലീസിന്റെ അനുമതിയില്ലാതെ ജമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്തിയെന്നാണ് ആസാദിന് നേരെ ചുമത്തിയിരിക്കുന്ന ഒരു കുറ്റം.

പോളിസിതെമിയ’ എന്ന അസുഖമുള്ള ആസാദിിന് എയിംസില്‍ ചികിത്സ നല്‍കാതിരുന്ന തിഹാര്‍ ജയില്‍ അധികാരികള്‍ക്കെതിരെ കഴിഞ്ഞ ആഴ്ച ജഡ്ജി ആഞ്ഞടിച്ചിരുന്നു. ആസാദിന് എയിംസില്‍ ചികിത്സ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ദര്യഗഞ്ചില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ 20 ന് രാത്രി നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ, തടവുകാരെ വിട്ടയക്കുന്നതിന് പകരമായി താന്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയാണെന്ന് ട്വിറ്ററില്‍ കുറിച്ചാണ് ആസാദ് ആറസ്റ്റിലായത്.

‘തടവിലാക്കപ്പെട്ടവരെല്ലാം കീഴടങ്ങണം, അതിനുശേഷം ഞാന്‍ കീഴടങ്ങും. സുഹൃത്തുക്കളേ, പോരാട്ടം തുടരുക, ഭരണഘടനയ്ക്കായി ഐക്യത്തോടെ തുടരുക. ജയ് ഭീം ജയ് ഭരണഘടന’ ആസാദ് ട്വീറ്റ് ചെയ്തു.