സിഎഎ: യോഗിയുടെ പൊലീസ് രാജ് വ്യക്തമാക്കി കാരവന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്

ലഖ്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന വെടിവയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി സര്‍ക്കാറിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ സംഭവങ്ങളുടെ ഗ്രൗണ്ട് ലവല്‍ റിപ്പോര്‍ട്ടിങുമായി ‘ദി കാരവന്‍’.

പ്രതിഷേധത്തിനിടെ 20ലേറെ പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 16 പേര്‍ക്കും വെടിയേറ്റിരുന്നതായാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു. യുപിയിലെ എട്ട് ജില്ലകളില്‍ നിന്നുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ബിജെപി സര്‍ക്കാറിനെതിരെ പ്രതിഷേധം കനത്തത്. ഇതിന് പിന്നാലെ ബിജ്‌നോറില്‍ യോഗി പൊലീസ് നടത്തിയ അക്രമങ്ങള്‍ തുറന്നുകാട്ടിയാണ് ‘ദി കാരവന്റെ റിപ്പോര്‍ട്ടിങ്.

പൊലീസാണ് വെടിവെച്ചതെന്ന് അഫ്താബ് പറഞ്ഞതായി സഹോദരന്‍ മുഹമ്മദ് റിസ്വാന്‍ പറഞ്ഞു. പൊലീസ് വെടിവെച്ചതായി ദൃക്‌സാക്ഷികളും കാരവനോട് പറയുന്നുണ്ട്. നഹ്തൂര്‍ പ്രദേശത്ത് ഏറ്റുമുട്ടലിനിടെ വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് അനസും സുലമാനും മരിച്ചതിന് കാരണമെന്ന് ബിജ്‌നോര്‍ എസ്.പി സഞ്ജീവ് ത്യാഗി നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധത്തിനിടെ മരിച്ച ബിലാലിനും ഷെഹ്‌റോസിനും വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതായി സാംബാല്‍ അഡീഷണല്‍ എസ്പി അലോക് കുമാര്‍ ജയ്‌സ്വാള്‍ പറഞ്ഞു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഷെറോസിന്റെ കുടുംബം പറയുന്നത്. നായ്ബസ്തിയിലെ പള്ളിക്ക് സമീപം നടന്ന പ്രതിഷേധത്തിനിടെ വെടിയേറ്റാണ് അഫ്താബും സെയ്ഫും മരിച്ചതെന്ന് കാണ്‍പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ മനോജ് കുമാര്‍ ഗുപ്ത സ്ഥിരീകരിച്ചു

യുപിയില്‍ കൊല്ലപ്പെട്ട 15 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബങ്ങള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങളും പറയുന്നു.
ഫിറോസാബാദ് സ്വദേശിയായ റാഷിദിന് (35) തലയ്ക്കാണ് വെടിയേറ്റത്. സംഭവ സ്ഥലത്തുവെച്ചുതന്നെ റാഷിദ് മരിച്ചുവീണു. വാരാണസിയില്‍ എട്ടു വയസ്സുകാരന്‍ മുഹമ്മദ് സാഗീറും കൊല്ലപ്പെട്ടത് വെടിയേറ്റു തന്നെ. ലക്‌നോവിലെ മുഹമ്മദ് വക്കീല്‍ (32), കാണ്‍പൂരിലെ അഫ്താബ് ആലം (22), മുഹമ്മദ് സെയ്ഫ് (25), ബിജ്‌നോറില്‍ നിന്നുള്ള അനസ് (21), സുലെമാന്‍ (35), സാംബാലില്‍ നിന്നുള്ള ബിലാല്‍ (24), മുഹമ്മദ് ഷെഹ്‌റോസ് (23), മീററ്റില്‍ നിന്നുള്ള ജഹീര്‍ (33), മൊഹ്‌സിന്‍ (28), ഫിറോസാബാദില്‍ നിന്നുള്ള ആസിഫ് (20), ആരിഫ് (20); ഫിറോസാബാദിലെ നബി ജഹാന്‍ (24), റാംപൂരിലെ ഫൈസ് ഖാന്‍ (24) എന്നിവര്‍ക്ക് വെടിയുണ്ടയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഫായിസിന് അടിവയറ്റിലാണ് വെടിയേറ്റതെന്ന് സഹോദരന്‍ ഫറാസ് ഖാന്‍ വെളിപ്പെടുത്തി. സംഭവത്തിന് ഒരു ഡസനിലധികം ദൃക്‌സാക്ഷികളുണ്ട്. മുന്നില്‍ നിന്ന് വെടിവയ്ക്കാന്‍ ആര്‍ക്കാണ് സാധിക്കുകയെന്ന് പൊലീസിന് നന്നായി അറിയാം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ പൊലീസ് വെടിവയ്പിലാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെടിയുണ്ടയില്‍ നിന്നുള്ള പരിക്ക് മൂലമാണ് മരണമെന്ന് ദൗലത്ഗഞ്ച് നിവാസിയായ വക്കീലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതായി ലക്‌നോവിലെ പൊലീസ് വക്താവ് പറഞ്ഞു. വെടിയുണ്ടയേറ്റ ഭാഗം കറുത്തിരിക്കുന്നതായും അതിനാല്‍ വളരെ അടുത്ത് നിന്നാണ് വെടിയേറ്റതെന്ന് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറില്‍ പോലീസിന്റെ വെടിയേറ്റ ഒരാള്‍ കൂടി മരിച്ചു. മുസാഫര്‍നഗര്‍ സ്വദേശി ഹാരൂണാണ് മരിച്ചത്. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു ഹാരൂണ്‍. വ്യവസായി ആയിരുന്ന ഹാരൂണ്‍, വ്യവസായശാലയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുംവഴിയാണ് വെടിയേറ്റതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് ഹാരൂണ്‍ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ നടന്ന വെടിവെപ്പിലാണ് ഹാരൂണിന് ഗുരുതരമായി പരിക്കേറ്റത്. വെടിയേറ്റ ഹാരൂണിനെ നേരെ എയിംസിലെത്തിക്കുകയായിരുന്നു.ഇതോടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍ പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസ് നടപടിയില്‍ മരിച്ചവരുടെ എണ്ണം 21 ആയി.

ഇതിനിടെ വെടിവെപ്പില്‍ 5 പേര്‍ കൊല്ലപ്പെട്ട മീററ്റ് സന്ദര്‍ശിക്കാനും അവിടെ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണുനായി പോയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും പൊലീസ് തടയുകയും ഉണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസിന്റെ പാകിസ്ഥാന്‍ പരാമര്‍ശം വിവാദമായിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ നേരിടാന്‍ കുതന്ത്രവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്തുള്ളത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മറ്റുമായി ലഭിച്ച പ്രതിഷേധക്കാരുടെ ഫോട്ടേ ഉള്‍പ്പെടുത്തി കാണ്‍പൂര്‍, ഫിറോസാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൊലീസ് റിവാര്‍ഡ് പോസ്റ്ററുകള്‍ പതിച്ചു.
ബിജ്‌നോറില്‍ പൊലീസ് അന്വേഷിക്കുന്ന മൂന്ന് ആളുകളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗോരഖ്പൂരില്‍ സ്വത്ത് വകകള്‍ കണ്ടുകെട്ടുമെന്ന അറിയിപ്പും നല്‍കി. ഫിറോസാബാദിലും ഗോരഖ്പൂരിലും വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ആവശ്യമുള്ള വ്യക്തികളുടെ ഫോട്ടോകള്‍ പൊലീസ് പ്രചരിപ്പിക്കുന്നുണ്ട്. ഇവരെകുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് ഭാഷ്യം. മോവില്‍ പ്രതിഷേധ പ്രകടനം നടത്തിയ 110 പേരുടെ ഫോട്ടോകള്‍ അടങ്ങിയ പോസ്റ്റര്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിഷേധക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ വെളുപ്പെടുത്തില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതുവരെ 21 പേരെ സംഭവവുമായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മൊ പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. സമാധാനപരമായി നടന്ന പ്രതിഷേധത്തിന് നേരെ വെടിവെപ്പ്് നടത്തിയ പൊലീസ് വീണ്ടും മുസ്‌ലിം വേട്ടയുമായി രംഗത്തെത്തിയിരിക്കുകയാണ്.

പ്രതിഷേധങ്ങളില്‍ ആക്രമണം നടത്തിയെന്നാരോപിച്ച് കാന്‍പൂരില്‍ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ 15 എഫ്‌ഐആറുകളിലായി 21,500 പേര്‍ക്കെതിരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ 13 പേര്‍ അറസ്റ്റിലായി. ഇതില്‍ 12 പേരെ ബേക്കണ്‍ഗഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരാള്‍ ബില്‍ഹൗറില്‍ കസ്റ്റഡിയിലാണ്. എഫ്‌ഐആര്‍ പ്രകാരം കേസെടുത്ത ഭൂരിഭാഗം പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബാബുപുര്‍വ പൊലീസ് 5000 പേര്‍ക്കെതിരെയും യതീംഗഞ്ചില്‍ 4000 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.