യോഗി ആദിത്യനാഥ് തന്റെ രാഷ്ട്രീയ ഗുരുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എ അദിതി സിങ്- പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക്

ലഖ്‌നൗ: ബി.ജെ.പിയിലേക്ക് ചേക്കേറാനുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന് റായ്ബറേലിയിലെ കോണ്‍ഗ്രസ് എം.എല്‍.എ അദിതി സിങ്. ഏറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന അദിതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്തുതിച്ച് രംഗത്തെത്തി. യോഗി തന്റെ രാഷ്ട്രീയ ഗുരുവാണ് എന്നായിരുന്നു ഇവരുടെ പ്രസ്താവന. പ്രസ്താവനയോടെ അദിതിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഏകദേശം ഉറപ്പായി.

നേരത്തെ, അദിതിയുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമസഭാ സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ അതംഗീകരിച്ചിരുന്നില്ല.

റായ്ബറേലി സിവില്‍ ലെയ്‌നിലെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് അദിതിയുടെ പ്രസ്താവന. ജില്ലാ ഭരണകൂടം കച്ചവടക്കാരെ ഒഴിപ്പിക്കില്ലെന്നും താന്‍ യോഗിയുമായി സംസാരിക്കുമെന്നും അദ്ദേഹം തന്റെ രാഷ്ട്രീയ ഗുരുവാണ് എന്നുമായിരുന്നു ഇവരുടെ പ്രസ്താവന.

‘യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ഒരാളെയും അടിച്ചമര്‍ത്തില്ല. ജില്ലാ ഭരണകൂടം പാവങ്ങളുടെ ആവലാതികള്‍ കേള്‍ക്കില്ല. അതിന് ഒരവസരം പോലും നല്‍കില്ല. എന്റെ പിതാവും പാവങ്ങള്‍ക്കു വേണ്ടി പോരടിച്ചതാണ്. ആ വഴിയിലാണ് ഞാന്‍ സഞ്ചരിക്കുന്നത്’ – അവര്‍ പറഞ്ഞു.

ഒരു കാലത്ത് ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഈ യുവനേതാവ് ഈയിടെ തുടര്‍ച്ചയായി പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഗാന്ധി ജയന്തിയുടെ ഭാഗമായി യോഗി വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം മറികടന്ന് ഇവര്‍ പങ്കെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ പുറത്തേക്കു വന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ലോക്സഭയില്‍ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നത്. യു.പിയില്‍ ഇപ്പോഴും കോണ്‍ഗ്രസിന് വേരോട്ടമുള്ള സ്ഥലം കൂടിയാണ് ഗാന്ധി കുടുംബത്തിന്‍റെ രാഷ്ട്രീയ തട്ടകമായ റായ്ബറേലി.