പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കുനേരെ പ്രതികാര നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സമരക്കാര്‍ക്കുനേരെ പ്രതികാര നടപടി സ്വീകരിക്കുമെന്ന് മുന്‍പ് തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. സമരത്തില്‍ പങ്കെടുത്ത 28 പേര്‍ക്ക് 25 ലക്ഷം രൂപ അടക്കാന്‍ ആവശ്യപ്പെട്ടു. പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചതിനാണ് നോട്ടീസ് നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആദ്യം 15 ലക്ഷം രൂപയുടെ നാശനഷ്ടമായിരുന്നു കണക്കാക്കിയത്. എന്നാല്‍ പിന്നീട് 25 ലക്ഷമാക്കി ഉയര്‍ത്തി. രാംപൂരില്‍ നടന്ന പ്രക്ഷോഭത്തിനിടെയുള്ള നാശനഷ്ടങ്ങളുടെ പേരിലാണ് നടപടി.അതിനിടെ ഉത്തര്‍പ്രദേശില്‍ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചതോടെയാണ് എണ്ണം ഉയര്‍ന്നത്.