ലക്‌നോ: രാമക്ഷേത്രം വരുന്നതിനു മുന്നോടിയായി അയോധ്യയ്ക്കു വാരിക്കോരി പണം നല്‍കി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. അയോധ്യയെ വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് അവകാശപ്പെട്ട് നഗരത്തില്‍ വിമാനത്താവളം നിര്‍മിക്കാന്‍ സംസ്ഥാന ബജറ്റില്‍ 500 കോടി രൂപയാണു വകയിരുത്തിയത്. കൂടാതെ തീര്‍ഥാടന നഗരത്തിലെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 85 കോടിയും ചെലവഴിക്കും. ആദിത്യനാഥ് സര്‍ക്കാരിന്റെ നാലാം ബജറ്റില്‍ അയോധ്യയിലെ തുളസി സ്മാരക ഭവന്റെ പുനരുദ്ധാരണത്തിനായി 10 കോടി നീക്കിവച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ സാംസ്‌കാരിക കേന്ദ്രത്തിനായി 180 കോടിയും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ വിപുലീകരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി 200 കോടിയും മാറ്റിവച്ചു. കാശി ഹിന്ദു വിശ്വവിദ്യാലയയുടെ കീഴില്‍ വേദിക് വിജ്ഞാന്‍ കേന്ദ്രം നിര്‍മിക്കാന്‍ 18 കോടി, കൈലാസ് മാനസസരോവര്‍ യാത്രയ്ക്കും സിന്ധു ദര്‍ശനും സബ്‌സിഡിയായി യഥാക്രമം 8 കോടി, 10 ലക്ഷം വീതവും അനുവദിച്ചു. യുപി ടൂറിസം നയം 2018ന്റെ ഭാഗമായി സംസ്ഥാനത്തു വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായി 50 കോടി രൂപയും ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്.
മറ്റു പദ്ധതികള്‍: ഗോരഖ്പൂരിലും മറ്റ് നഗരങ്ങളിലുമുള്ള മെട്രോ സൗകര്യങ്ങള്‍ക്കായി 200 കോടി, കാണ്‍പൂര്‍ മെട്രോക്കായി 358 കോടി, അഗ്‌നി ദൗത്യത്തിന് 10 കോടി, പ്രധാനമന്ത്രി മാതൃ വന്ദന യോജനയ്ക്കായി 292 കോടി, ജല ജീവന്‍ ദൗത്യത്തിനായി 3000 കോടി, ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായി 187 കോടി, സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മൂന്ന് കോടി, യുവാക്കള്‍ക്ക് തൊഴിലവസരത്തിനായി യുപിയിലെ എല്ലാ ജില്ലകളിലും യുവ ഹഹബ്ബ്- 50 കോടി, ജെവാര്‍ വിമാനത്താവളത്തിന് 2000 കോടി, യുപി പോലീസിനും ഫോറന്‍സിക് ഇന്‍സ്റ്റിറ്റിയൂട്ടിനുമായി 20 കോടി.