യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടു കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് യോഗിയുടെ തന്നെ മേശപ്പുറത്ത്

ലഖ്‌നൗ: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ഉത്തര്‍പ്രദേശ് പൊലീസ് സംസ്ഥാന ആഭ്യന്തര വകുപ്പിന് രണ്ട് വര്‍ഷം മുമ്പയച്ച അപേക്ഷ, ഇപ്പോള്‍ മുഖ്യമന്ത്രിയായ ആദിത്യനാഥിന്റെ മേശപ്പുറത്ത്.

2007 ജനുവരി 27ന് ഗോരഖ്പൂരില്‍ ഹിന്ദു-മുസ്്‌ലിം വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘട്ടനം ഒരു ഹിന്ദു മതവിശ്വാസിയുടെ മരണത്തിലാണ് കലാശിച്ചത്. ഇതിന് പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് ആദിത്യനാഥ് പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. പ്രസംഗത്തെത്തുടര്‍ന്ന കര്‍ഫ്യു പ്രഖ്യാപിത മേഖലയിലടക്കം പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങള്‍ രണ്ടാഴ്ചയോളം തുടര്‍ന്നിരുന്നുവെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു.

പൊലീസ് വിചാരണാനുമതി തേടിയ കാലത്ത് സമാജ്‌വാദി പാര്‍ട്ടിയായിരുന്നു ഭരണത്തില്‍. അന്ന് ലോക്‌സഭാംഗമായിരുന്നു ആദിത്യനാഥ്. സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ പൊലീസിന് 153-എ സെക്ഷന്‍ പ്രകാരം കേസെടുക്കാനാവൂ. ഈ ഘട്ടത്തിലാണ് യോഗി നേതൃത്വം നല്‍കുന്ന ഭരണകൂടത്തിന് മുമ്പില്‍ തന്നെ വിചാരണാനുമതി തേടിക്കൊണ്ടുള്ള അപേക്ഷയെത്തുന്നത്.

വളരെക്കാലമായി തീരുമാനമാവാതെ കിടക്കുന്ന ഈ കേസില്‍ യോഗി സര്‍ക്കാര്‍ എന്ത് നിലപാട് കൈക്കൊള്ളുമെന്നാണ് ഇനി അറിയേണ്ടത്. ഈ കേസ് അന്വേഷിച്ചിരുന്ന സി.ബി-സി.ഐ.ഡി ഇന്‍സ്‌പെക്ടര്‍ ചന്ദ്രഭൂഷണ്‍ ഉപാദ്ധ്യായ അന്വേഷണം പൂര്‍ത്തിയാക്കി ഐ.പി.സി 153-എ സെക്ഷന്‍ പ്രകാരം കേസ് ഫയല്‍ ചെയ്യാന്‍ 2015 ല്‍ തന്നെ അനുമതി നല്‍കിയിരുന്നു. അതേ വര്‍ഷം തന്നെ ചന്ദ്രഭൂഷണ്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തു. അതേസമയം ഈ വിഷയത്തില്‍ സംസാരിക്കാന്‍ നിലവിലെ സി.ബി-സി.ഐ.ഡി മന്ത്രാലയം വിസമ്മതിച്ചു.

SHARE