ഡല്‍ഹി: അണ്‍ലോക് 3 ന്റെ ഭാഗമായി ഓഗസ്റ്റ് 5 മുതല്‍ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കാനായി പുതിയ മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ജീവനക്കാരും സന്ദര്‍ശകരും തമ്മിലുള്ള ശാരീരിക സമ്പര്‍ക്കം പരമാവധി കുറയ്ക്കുന്ന തരത്തിലാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കില്ല. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തുള്ളവ മാത്രമേ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളു. സ്പാ, സ്റ്റീം ബാത്ത്, സ്വിമ്മിങ് പൂളുകള്‍ തുടങ്ങിയവയ്ക്കും തുറക്കാന്‍ അനുമതിയില്ല.
പ്രധാനപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
- 65 വയസിനു മുകളിലുള്ളവര്‍, ഒന്നിലധികം രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ അടഞ്ഞയിടങ്ങളിലെ ജിമ്മുകള്‍ ഉപയോഗിക്കരുത്.
- സ്ഥാപനത്തില്‍ ചെലവഴിക്കുന്ന മുഴുവന്‍ സമയവും മാസ്‌ക് ധരിച്ചിരിക്കണം. അതേസമയം വ്യായാമം ചെയ്യുമ്പോള്‍ ശ്വാസതടസമുണ്ടാകാതിരിക്കാന്‍ മുഖാവരണം ധരിച്ചാല്‍ മതിയാകും. ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകണം.
- ഇവിടങ്ങളില്‍ പോകുന്നവര്‍ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നതാവും നല്ലത്.
- ഓരോ ആളുള്‍ക്കും 4 മീറ്റര്‍ സ്ഥലം ഉണ്ടായിരിക്കണം. ഉപകരണങ്ങള്‍ ആറടി അകലത്തില്‍ വേണം സജ്ജമാക്കാന്‍. കഴിയുന്നയിടങ്ങളില്‍ ഉപകരണങ്ങള്‍ പുറത്തു സജ്ജമാക്കണം.
- സ്ഥാപനത്തിന് അകത്തേക്കും പുറത്തേക്കും പോകാന്‍ പ്രത്യേകം വഴി ഒരുക്കണം. ഭിത്തികളില്‍ കൃത്യമായി ഇതു സൂചിപ്പിക്കുകയും വേണം.
- മുറിയിലെ താപനില 2430 ഡിഗ്രി സെല്‍ഷ്യസ് ആയി നിലനിര്‍ത്തണം. ശുദ്ധവായുവിന്റെ ലഭ്യത ഉറപ്പാക്കുകയും വേണം.
എല്ലാ സ്ഥാപനങ്ങളിലും തെര്‍മല്‍ സ്‌ക്രീനിങ്ങിനുള്ള സൗകര്യവും ഗെയിറ്റില്‍ സാനിറ്റൈസറും ഉണ്ടായിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ജീവനക്കാര്‍ ഉള്‍പ്പെടെ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. ആര്‍ക്കെങ്കിലും രോഗലക്ഷണമുണ്ടെന്നു കണ്ടെത്തിയാല്‍ അയാളെ പ്രത്യേക മുറിയിലേക്കു മാറ്റി അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ അറിയിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.