കേരളത്തില്‍ രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


കേരളത്തിലെ രണ്ട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. കോഴിക്കോടും കണ്ണൂരുമാണ് ശക്തമായ മഴയുണ്ടാകുക. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ അലേര്‍ട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഏഴ് സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മറ്റ് ജില്ലകളില്‍ ഇന്നും അടുത്ത മൂന്ന് ദിവസവും വേനല്‍ മഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇടിയോട് കൂടിയ മഴയ്ക്കായിരിക്കും സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.

അതേസമയം, കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അവിടെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു.