സന്യാസിയുമായി വേദിയില്‍ കൊമ്പുകോര്‍ത്ത് യെദിയൂരപ്പ

ബംഗളൂരു: പൊതുവേദിയില്‍ ലിംഗായത്ത് ആത്മീയാചാര്യന്‍ വചനാനന്ദ സ്വാമിയുമായി കൊമ്പുകോര്‍ത്ത് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. മന്ത്രിസഭ വിപുലീകരണത്തില്‍ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ മുരുകേഷ് നിരാനിക്ക് മന്ത്രിപദം നല്‍കിയില്ലെങ്കില്‍ സമുദായത്തിന്റെ പിന്തുണ നഷ്ടമാകുമെന്ന വചനാനന്ദയുടെ പ്രസ്താവനയാണ് യെദിയൂരപ്പയെ ചൊടിപ്പിച്ചത്. എല്ലാവരുടെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് തനിക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നും ഭീഷണിപ്പെടുത്തിയാല്‍ രാജിവെച്ച് പോകുമെന്നും യെദിയൂരപ്പ തിരിച്ചടിച്ചു.
ഹരിഹറില്‍ നടന്ന ലിംഗായത്ത് ഉപവിഭാഗമായ പഞ്ചമശാലിയുടെ പരിപാടിക്കിടെയായിരുന്നു സംഭവം. നിലവിലെ 17 അംഗ മന്ത്രിസഭയില്‍ ലിംഗായത്ത് സമുദായത്തിന് എട്ട് മന്ത്രിമാരുണ്ട്. എന്നാല്‍ ലിംഗായത്തിലെ ഉപവിഭാഗമായ പഞ്ചമശാലിക്ക് നാല് മന്ത്രിസ്ഥാനം വേണമെന്നതാണ് വചനാനന്ദിന്റെ ആവശ്യം. അസ്വസ്ഥനായ യെദ്യൂരപ്പ സീറ്റില്‍ നിന്ന് എഴുന്നേറ്റ് സ്വാമിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.
വേദി വിടാന്‍ തുനിഞ്ഞ യെദിയൂരപ്പയെ അദ്ദേഹം പിടിച്ചിരുത്തി. സമുദായത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് യെദിയൂരപ്പ അറിയിച്ചു.

SHARE