ബെംഗളുരു: നിയമം കയ്യിലെടുക്കരുതെന്ന് പോലീസിനോട് കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ. പ്രശ്നക്കാരായ ആളുകള്‍ക്കെതിരെ മാത്രം നിയമ നടപടി സ്വീകരിക്കുക. പൊതുജനത്തിനെതിരെ നടപടി സ്വീകരിക്കരുതെന്നും യെഡിയൂരപ്പ വ്യക്തമാക്കി. സാധാരണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന പോലീസുകാര്‍ക്കെതിരെ താന്‍ നടപടി സ്വീകരിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു.
ചരിത്രകാരന് രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്ത് മണിക്കൂറിനു ശേഷമാണ് യെഡിയൂരപ്പയുടെ പ്രതികരണം. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രഷേധിക്കുന്നതിനായി ബെംഗളുരു ടൗണ്‍ ഹാളില്‍ എത്തിയപ്പോഴായിരുന്നു രാമചന്ദ്ര ഗുഹയെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. ബെംഗളുരുവിന്റെ രണ്ടിടങ്ങളിലായി നിയമത്തിനെതിരെ പ്രതിഷേധിച്ച 200 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമാധാനം പുലര്‍ത്താന്‍ ആഹ്വാനം ചെയ്യുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ദോഷകരമായതൊന്നും പൗരത്വ നിയമ ഭേദഗതിയില്‍ ഇല്ല. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ നിയമം വിവേചനം പുലര്‍ത്തുന്നില്ലെന്നും യെഡിയൂരപ്പ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി രാജ്യത്തെ നിയമമാണ്. ഒരു സംസ്ഥാനത്തിന് നിയമം തള്ളിക്കളയാന്‍ സാധിക്കില്ല. ഫെഡറല്‍ സംവിധാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഭരണഘടനയുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു.
കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് കര്‍ണ്ണാടകയില്‍ മൂന്ന് ദിവസത്തേക്ക് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.