ചിദംബരം കഴിയുന്നത് യാസിന്‍ മാലിക്കിനും, ക്രിസ്റ്റ്യന്‍ മൈക്കലിനും സമീപത്ത്‌

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുന്നത് കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്, ബ്രിട്ടീഷ് വ്യവസായി ക്രിസ്റ്റ്യന്‍ മൈക്കല്‍, കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് ദീപക് തല്‍വാര്‍ എന്നിവരുടെ സമീപത്ത്. തിഹാറിലെ ജയില്‍ നമ്പര്‍ ഏഴിലെ രണ്ടാം വാര്‍ഡിലെ പതിനഞ്ചാം നമ്പര്‍ മുറിയാണ് മുന്‍ കേന്ദ്ര മന്ത്രിക്കായി അനുവദിച്ചത്. പരസ്പരം ആശയവിനിമയം നടത്താന്‍ സാധ്യതയില്ലാത്ത രീതിയില്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത മുറികളിലായാണ് ഇവര്‍ കഴിയുന്നതെന്ന്‌ “ഇന്ത്യ ടുഡേ” റിപ്പോര്‍ട്ട് ചെയ്യുന്നു.

തീവ്രവാദ ഫണ്ടിംഗ് കേസിലാണ് കശ്മീര്‍ വിഘടന നേതാവ് യാസിന്‍ മാലിക്കിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിക്കേസില്‍ ക്രിസ്റ്റ്യന്‍ മൈക്കല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും അറസ്റ്റുചെയ്താണ് ദീപക് തല്‍വാര്‍ ജയിലിലായത്.

ജയിലില്‍ തന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച ലഘുവായ പ്രഭാത ഭക്ഷണത്തോടെയാണ് ചിദംബരം ആരംഭിച്ചത്. തിഹാര്‍ ജയിലില്‍ ചിദംബരത്തിന് പ്രത്യേക സെല്‍ അനുവദിക്കണമെന്ന് റിമാന്റ് ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. ചിദംബരത്തിന്റെ അപേക്ഷ കണക്കിലെടുത്താണ് നിര്‍ദേശം. ജയിലിനുള്ളിലും ഇസഡ് ലെവല്‍ സുരക്ഷവേണം. മറ്റു തടവുകാരെ കൂടെ പാര്‍പ്പിക്കരുത്. നിത്യേന കഴിക്കുന്ന മരുന്നുകള്‍ ജയിലിനുള്ളിലും കൈവശം വെക്കാന്‍ അനുവദിക്കണം. സെല്ലിനുള്ളില്‍ കട്ടിലും പ്രത്യേക ബാത്ത്‌റൂമും അനുവദിക്കണം എന്നീ നിര്‍ദേശങ്ങളും കോടതി ജയില്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും സി.ബി.ഐയും ഒത്തുകളിച്ചതാണ് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ പെട്ടന്ന് ജയിലില്‍ എത്തിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിട്ടും അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി കസ്റ്റഡി ആവശ്യപ്പെട്ട് ഇ.ഡി കോടതിയില്‍ അപേക്ഷ നല്‍കാതിരുന്നതാണ് ചിദംബരത്തെ ഇന്നലെ രാത്രിതന്നെ തിഹാര്‍ ജയിലിലെത്തിച്ചത്. അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗിക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കം.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സി.ബി.ഐ കസ്റ്റഡിയിലായിരുന്ന ചിദംബരത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെതുടര്‍ന്നാണ് ഇന്നലെ ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്. ഇതേ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സുപ്രീംകോടതിയില്‍ ശക്തമായി എതിര്‍ത്ത ഇ.ഡി, അനുകൂല ഉത്തരവുണ്ടായ പശ്ചാത്തലത്തില്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് നിയമ വൃത്തങ്ങള്‍ കണക്കുകൂട്ടിയിരുന്നത്. ഇ.ഡിയുടെ കസ്റ്റഡിയില്‍ പോകാന്‍ തന്റെ കക്ഷി ഒരുക്കമാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേരത്തെ പലതവണ കസ്റ്റഡി നീട്ടിച്ചോദിച്ച സി.ബി.ഐ ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റഡി നീട്ടിച്ചോദിക്കുകയോ, ഇ.ഡി കസ്റ്റഡി ആവശ്യപ്പെട്ട് അപക്ഷ നല്‍കുകയോ ചെയ്തില്ല. ഇതോടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്ത് ജയിലില്‍ അയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ നടത്തിയ ഒത്തുകളിയാണ് ഇതിനു പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. ഈ മാസം 19 വരെയാണ് ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചത്. ഇതേതുടര്‍ന്ന് രാത്രി കന്നെ അദ്ദേഹത്തെ തീഹാര്‍ ജയിലിലേക്ക് മാറ്റി.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ആഗസ്ത് 21ന് അര്‍ധരാത്രിയാണ് പി.ചിദംബരത്തെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് സി.ബി.ഐ നാടകീയമായി കസ്റ്റഡിയില്‍ എടുത്തത്. അടുത്ത ദിവസം തന്നെ കോടതിയില്‍ ഹാജരാക്കുകയും അഞ്ചു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. പിന്നീട് മൂന്നുതവണ കൂടി കോടതി അന്വേഷണ ഏജന്‍സിക്ക് കസ്റ്റഡി നീട്ടി നല്‍കി.
15 ദിവസം സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യലിനു വിധേയനാവുകയും ചെയ്ത ശേഷമാണ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റിലായിരിക്കുന്നത്. അന്വേഷണ ഏജന്‍സികളുടെ ഒത്തുകളി മനസ്സിലാക്കി ഇ.ഡി മുമ്പാകെ കീഴടങ്ങുന്നതിന് കോടതി മുഖേന ചിദംബരം പ്രത്യേക അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് കോടതി നോട്ടീസ് അയച്ചു. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സെപ്റ്റംബര്‍ 19ാം തിയതി വരെയാണ് ചിദംബരത്തിന് ജയിലില്‍ കഴിയേണ്ടി വരുക.