‘ആരോപണം ഗുരുതരം’; ജഡ്ജിമാര്‍ക്ക് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ പിന്തുണ

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് പിന്തുണയുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ജഡ്ജിമാരുടെ ആരോപണം ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു.

ജഡ്ജിമാരുടെ പരസ്യ പ്രതികരണം വന്നതോടെ കോടതിയില്‍ മാത്രം ഒതുങ്ങുന്ന ഒരു വിഷയമല്ലെന്നും ക്രമവിരുദ്ധമായി ജൂനിയര്‍ ജഡ്ജിമാരെ ഉള്‍പ്പെടുത്തിയത് അന്വേഷിക്കണമെന്നും യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ ഭരണസംവിധാനം കുത്തഴിഞ്ഞുവെന്ന് ഇന്നലെ മുതിര്‍ന്ന ജഡ്ജിമാര്‍ ആരോപിച്ച് രംഗത്തെത്തിയതോടെയാണ് പിന്തുണയുമായി യശ്വന്ത് സിന്‍ഹ എത്തിയത്.

അതേസമയം, സുപ്രീംകോടതി പ്രതിസന്ധിയിലെ പരിഹാര ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു.
സമവായശ്രമങ്ങള്‍ക്കായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധി നൃപേന്ദ്ര മിശ്രയെ കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിച്ച് ദീപക്മിശ്ര തിരിച്ചയച്ചു. കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ന് തന്നെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും എ.ജി കെ.കെ വേണുഗോപാല്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തിയത്. പ്രശ്‌നങ്ങള്‍ നീതിന്യായ വ്യവസ്ഥക്ക് അകത്ത് പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതെങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തിരിച്ചയച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നതിനാണ് സാധ്യത.