ഫാറൂഖ് അബ്ദുല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ ദേശീയവാദിയെന്ന് യശ്വന്ത് സിന്‍ഹ

ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ വലിയ ദേശീയവാദിയാണന്ന് മുന്‍ ബിജെപി നേതാവും മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. കശ്്മീര്‍ കേന്ദ്ര ഭരണപ്രദേശമാക്കിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലിലിട്ട നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുല്ലയുടെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിലാണ് സിന്‍ഹയുടെ വിമര്‍ശനം.

ഫാറൂഖ് അബ്ദുല്ലയുടെ കസ്റ്റഡി 3 മാസം കൂടി നീട്ടി എന്നുള്ളത് വളരെ ഖേദകരമാണ്. അദ്ദേഹം മിക്കആളുകളേക്കാളും വലിയൊരു ദേശീയവാദിയാണ്. തീര്‍ച്ചയായും നമ്മുടെ രാജ്യത്തെ നശിപ്പിക്കാന്‍ തയ്യാറായ ഇന്ത്യന്‍ പ്രധാനമന്ത്രിയേക്കാള്‍ എത്രയോ മടങ്ങ് ദേശീയവാദിയാണ്. മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു. എന്നാല്‍ മോദി ആരാണെന്നറിയോ, ഇന്ത്യയെ നശിപ്പിച്ചു കയ്യില്‍തന്ന മനുഷ്യനാണ് അയാള്‍, യശ്വന്ത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

മൂന്ന് തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന അബ്ദുല്ല ആഗസ്ത് അഞ്ച് മുതല്‍ വീട്ട് തടങ്കലിലാണ്. അഞ്ച് തവണ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തിയ നേതാവ് കൂടിയാണ്‌ ഫാറൂഖ് അബ്ദുല്ല. ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തതിനു പിന്നാലെയാണ് ജമ്മു കശ്മീരിലെ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്.

സെപ്തംബര്‍ 17ന് ഫാറൂഖ് അബ്ദുല്ലയ്ക്കു മേല്‍ പൊതു സുരക്ഷാ നിയമം (പിഎസ്എ) ചുമത്തിയിരുന്നു. കശ്മീരിലെ നേതാക്കളെ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് എംഡിഎംകെ നേതാവ് വൈക്കോ സുപ്രിംകോടതിയില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ഫാറൂഖ് അബ്ദുല്ലയ്ക്കു മേല്‍ പൊതു സുരക്ഷാ നിയമം പ്രയോഗിച്ചത്. ഈ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ച് ഒരു വ്യക്തിയെ വിചാരണ കൂടാതെ മൂന്നു മുതല്‍ ആറ് മാസം വരെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ സാധിക്കും.