മുംബൈ: പൗരത്വ ഭേദഗതി ബില്‍, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരെ ദേശവ്യാപക യാത്രയുമായി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. രാഷ്ട്ര മഞ്ച് എന്ന സംഘടനയുടെ കീഴിലാണ് മുന്‍ ബി.ജെ.പി നേതാവു കൂടിയായ യശ്വന്ത് സിന്‍ഹ ഗാന്ധി ശാന്തി യാത്ര എന്ന പേരില്‍ ദേശവ്യാപക യാത്ര സംഘടിപ്പിക്കുന്നതെന്ന് സിന്‍ഹ അറിയിച്ചു.
മുന്‍ ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മെഹ്ത എന്നിവരും യശ്വന്ത് സിന്‍ഹക്കൊപ്പം സന്നിഹിതരായിരുന്നു. ഈ മാസം ഒമ്പതിന് മുംബൈ അപ്പോളോ ബന്ദറില്‍ നിന്നും ആരംഭിക്കുന്ന യാത്ര മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, യു.പി, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലൂടെ 3,000 കിലോമീറ്റര്‍ പിന്നിടുമെന്നും അദ്ദേഹം അറിയിച്ചു. ഈ മാസം 30ന് ഗാന്ധിയുടെ ചരമവാര്‍ഷിക ദിനത്തില്‍ രാജ്ഘട്ടില്‍ യാത്ര അവസാനിക്കും. സി.എ.എക്കും എന്‍.ആര്‍.സിക്കുമെതിരായ സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്യമായ രീതിയില്‍ അടിച്ചമര്‍ത്തുകയാണെന്നും സര്‍ക്കാര്‍ രാജ്യത്തിന്റെ സമാധാനത്തിന് ഭംഗം വരുത്താനാണ് ശ്രമിക്കുന്നതെന്നും യാത്ര പ്രഖ്യാപിച്ചു കൊണ്ട് യശ്വന്ത് സിന്‍ഹ ആരോപിച്ചു.
യാത്ര വന്‍ വിജയമാക്കാന്‍ ഗുജറാത്തിലെ മുഴുവന്‍ ജനങ്ങളും രംഗത്തു വരണമെന്ന് മുന്‍ മുഖ്യമന്ത്രികൂടിയായ മെഹ്ത ആവശ്യപ്പെട്ടു. സി.എ.എ ഭരണഘടന വിരുദ്ധമാണെന്നും ഇത് സമുദായങ്ങള്‍ക്കിടയില്‍ വിവേചനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.ആര്‍.സി, എന്‍.പി. ആര്‍ എന്നിവ നടപ്പിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.പിയില്‍ സി.എ.എക്കെതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ടെററിസമാണെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ ക്രൂരത അരങ്ങേറിയ യു.പിയിലെ പ്രദേശങ്ങളിലൂടെ യാത്ര കടന്നു പോകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരാണ് തങ്ങളെന്നും ഭരണഘടന നിലനിര്‍ത്താനായാണ് തങ്ങളുടെ ശ്രമമെന്നും ചടങ്ങില്‍ സംസാരിച്ച ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനായാണ് സി.എ.എ മോദി സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും സിന്‍ഹ ആരോപിച്ചു. നോട്ട് നിരോധനം പോലെ മോശമായ മറ്റൊന്നാണ് സി.എ.എ എന്നും വിദഗ്ധരോടും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളുമായും പ്രതിപക്ഷ നേതാക്കളുമായും ആലോചിക്കാതെ ഇത്തരമൊരു നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്താണെന്നും അദ്ദേഹം ചോദിച്ചു.