ആലാപന മാധുര്യത്തില്‍ യാ റഹീമല്ലാ..ഒറ്റപാട്ട്, ഹൃദയത്തിലേറി ‘മനോഹര’ കുടുംബം

ഫൈസല്‍ മാടായി

കണ്ണൂര്‍: തെയ്യത്തിന് ചീനിക്കുഴല്‍ വായിക്കുന്ന കണ്ഠനാളങ്ങളില്‍ നിന്നൊഴുകിയെത്തിയ മധുരനാദം, യാ റഹീമല്ലാ.. ഉച്ചാരണ ശുദ്ധിയും ശ്രുതിയും താളവുമുണ്ടായിരുന്നു മതിയാവോളം. കൃഷ്ണന്റെയും രാധയുടെയും ചിത്രങ്ങള്‍ പതിച്ച വീട്ടില്‍ നിന്നുയര്‍ന്ന പാട്ട് മലയാളക്കരയുടെ ഹൃദയത്തിലാണ് തൊട്ടത്. വര്‍ഗീയതയുടെ കനലുകള്‍ ചുറ്റിലുമെരിയുമ്പോഴും സൗഹാര്‍ദ്ധത്തിന്റെ തീര്‍ത്ഥമാകുകയാണ് വരികള്‍.

ഉത്തര കേരളത്തിന്റെ സ്വന്തം അനുഷ്ഠാന കലയായ തെയ്യത്തിന്റെ ഉടയാടകളഴിച്ച്, വാദ്യോപകരണങ്ങള്‍ ഒതുക്കിവെച്ച നാളില്‍ മാട്ടൂലിലെ ഒരു കുടുംബത്തില്‍ നിന്നാണ് കാതുകള്‍ക്ക് ശ്രവ്യാനുഭവം പകര്‍ന്ന് ആ പാട്ട് ഒഴുകിയെത്തിയത്. യാ റഹീമല്ലാ.. തുണ ഏകണമല്ലാ.. പ്രപഞ്ചനാഥന്റെ അപദാനങ്ങള്‍ വാഴ്ത്തി, അനുഗ്രഹങ്ങള്‍ തേടിയുള്ളതായിരുന്നു മാട്ടൂല്‍ ജസിന്തയിലെ മലയന്തറമ്മല്‍ വീട്ടില്‍ നിന്ന് തെയ്യം കലാകാരനായ മനോഹരനും കുടുംബവും ആലപിച്ച ആ ഗാനം.

അടച്ചുപൂട്ടലില്‍ വീട്ടിലായിപോയ നിമിഷത്തിലെപ്പോഴോ മനോഹരന്റെ മൂത്ത മകന്‍ വൈഷ്ണവ്, മാതാവ് ഭാഗീരഥി, സഹോദരങ്ങളായ വൈഭവ്, വൈശാഖ് എന്നിവരോടൊപ്പം ടിക്‌ടോക്കില്‍ പാടിയ പാട്ടാണ് ഇപ്പോള്‍ നാടാകെ ഏറ്റെടുത്തത്. പിന്നാലെ പിതാവ് മനോഹരന്റെ ഹാര്‍മോണിയത്തിന്റെ ഈണത്തില്‍ പാടിയ ആല്‍ബത്തോടെ സാമൂഹ്യ മാധ്യമങ്ങളിലും തരംഗമായി. ചെറുപ്പത്തില്‍ മാതാപിതാക്കളുടെ തോളത്തിരുന്ന് കേട്ട താരാട്ടിന്റെ ഈരടികള്‍ക്കപ്പുറം പാട്ട് പഠിച്ചിട്ടില്ല മനോഹരന്‍. തെയ്യത്തിന് പുല്ലാങ്കുഴല്‍ വായിക്കുന്നതിനൊപ്പം നാട്ടിലെ ഗാനമേള വേദികളിലും പാടാറുണ്ട് മനോഹരന്‍.

മക്കളില്‍ ഐടിഐ പഠനം കഴിഞ്ഞ വൈഷ്ണവും പ്ലസ് ടു കഴിഞ്ഞ വൈഭവും ഇപ്പോള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ വൈശാഖും സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. മാതാവ് ഭാഗീരഥിക്കും പാട്ടിനോട് ബന്ധമില്ല. എന്നാല്‍ അവര്‍ പാടി മനോഹരമായി. മതത്തിന്റെ വേലിക്കെട്ടില്ലാതെ ജീവിക്കുന്ന ദേശത്തിന് മാപ്പിളപ്പാട്ടിലൂടെ സാഹോദര്യത്തിന്റെ പുതിയൊരു അധ്യായം തീര്‍ത്ത് ഈ കലാകാര കുടുംബം അഭിമാനമാകുമ്പോള്‍ ഹൃദയത്തോട് ചേര്‍ക്കുകയാണ് നാടൊന്നാകെ.

SHARE