വാഷിങ്ടണ്‍: ഡബ്ല്യുഡബ്ല്യുഇ (വേള്‍ഡ് റെസ്ലിംഗ് എന്ര്ടെയ്ന്മെന്റ്) ഇതിഹാസം അണ്ടര്‍ടേക്കര്‍ വിരമിച്ചു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 30 വര്‍ഷം നീണ്ട കരിയറിനാണ് ഇപ്പോള്‍ തിരശീല വീണിരിക്കുന്നത്. അവസാനത്തെ ഒരു പോരാട്ടം കൂടി കഴിഞ്ഞ് വിട പറയുമെന്നാണ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം അറിയിച്ചത്. ഉചിതമായ സമയത്താണ് വിരമിക്കാന്‍ തീരുമാനിച്ചതെന്നും ഇനി തിരികെ വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരം ഡബ്ല്യുഡബ്ല്യുഇ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏഴ് തവണ ലോക ചാമ്പ്യനായ ഡബ്ല്യുഡബ്ല്യുഇ താരമാണ് അണ്ടര്‍ടേക്കര്‍. ആറ് തവണ ടാഗ് ടീം കിരീടം സ്വന്തമാക്കിയ താരം ഒരു തവണ റോയല്‍ റംബിള്‍ വിജയിയുമായിരുന്നു. 12 തവണ സ്ലാമി അവാര്‍ഡും നേടിയിട്ടുണ്ട്. അമേരിക്കയുടെ പ്രൊഫഷണല്‍ റെസ്ലിംഗ് താരമായിരുന്ന അദ്ദേഹം 1990ലാണ് ഡബ്ല്യുഡബ്ല്യുഇയിലേക്ക് കളം മാറിയത്. മാര്‍ക്ക് വില്ല്യം കല്വെ എന്ന യഥാര്‍ത്ഥ പേരിനു പകരം അണ്ടര്‍ടേക്കര്‍ എന്ന പേരും സ്വീകരിച്ചു.
90കളിലാണ് അദ്ദേഹം റിങ്ങില്‍ വിസ്മയങ്ങള്‍ തീര്‍ത്തത്. ഡബ്ല്യുഡബ്ല്യുഇയില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് അണ്ടര്‍ടേക്കര്‍. ഇടിക്കൂട്ടിലേക്കുള്ള എന്‍ട്രിയിലെ നാടകീയതയും സ്റ്റൈലിഷായ മൂവുകളും അദ്ദേഹത്തിന് ഒട്ടേറെ ആരാധകരെ സമ്മാനിച്ചു. റസല്‍മാനിയയില്‍ അദ്ദേഹം കുറിച്ച തുടര്‍ച്ചയായ 21 വിജയങ്ങള്‍ ഒരു റെക്കോര്‍ഡ് ആണ്. 2018 ല്‍ ജോണ്‍ സീനയെ മൂന്ന് മിനിട്ടില്‍ പരാജയപ്പെടുത്തിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടമായിരുന്നു. ഇടക്ക് അദ്ദേഹം ഇടിക്കൂട്ടില്‍ നിന്ന് വിട്ടു നിന്നെങ്കിലും ഏറെ വൈകാതെ ശക്തമായി തിരികെ എത്തിയിരുന്നു.