റോബോട്ടുകളുടെ അത്ഭുത ലോകം തുറന്ന് ലോക റോബോട്ട് കോണ്‍ഫറന്‍സ്

ചൈനയിലെ ബീജിങില്‍ നടക്കുന്ന ലോക ‘2016 ലോക റോബോട്ട് കോണ്‍ഫറന്‍സില്‍’ വിവിധ രാജ്യങ്ങളില്‍ നിന്നായി 200-ലധികം ഗവേഷണ സ്ഥാപനങ്ങളാണ് തങ്ങളുടെ റോബോട്ടുകളെ പരിചയപ്പെടുത്തുന്നത്. മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കാവുന്ന കുഞ്ഞന്‍ റോബോട്ടുകള്‍ മുതല്‍, വ്യാവസായിക ഉപയോഗങ്ങള്‍ക്കുള്ള വലിപ്പമേറി റോബോട്ടുകള്‍ വരെ മേളയില്‍ സുലഭം. ഇലക്ട്രോണിക് രംഗത്ത് ഏറെ മുന്നേറിയ ചൈനയില്‍ നിര്‍മിച്ച ചില റോബോട്ടുകള്‍, ആകൃതിയിലും പ്രവര്‍ത്തനത്തിലും മനുഷ്യന്മാരെ പോലെ പെരുമാറുന്നു എന്നത് കൗതുകമാണ്.

റോബോട്ട് ദേവത

പരമ്പരാഗത ചൈനീസ് വസ്ത്രമണിഞ്ഞു നില്‍ക്കുന്ന ഈ ‘പെണ്‍കുട്ടി’ ഒരു റോബോട്ടാണ്. പേര് ജിയാ ജിയ. ആളുകളുമായി ആശയവിനിമയം നടത്താന്‍ കഴിവുള്ള ജിയാ ജിയ ‘റോബോട്ട് ദേവത’ എന്ന പേര് ഇതിനകം നേടിക്കഴിഞ്ഞു.

robo1

സംസാരിക്കുമ്പോള്‍ മുഖത്ത് ഭാവവ്യത്യാസങ്ങള്‍ വരുത്താനും കണ്ണ് ഇളക്കാനും മറ്റുള്ളവരുടെ മുഖത്തെ ഭാവഭേദങ്ങള്‍ മനസ്സിലാക്കാനും ജിയാ ജിയക്ക് കഴിയും. ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലുള്ള ചോദ്യങ്ങള്‍ക്ക് റോബോട്ട് ദേവത മറുപടി പറയും.

ചിന്തകന്റെ പുനര്‍ജന്മം

മനുഷ്യാകൃതിയിലുള്ള മറ്റൊരു റോബോട്ട് 16-ാം നൂറ്റാണ്ടില്‍ ജീവിച്ച ചൈനീസ് തത്വചിന്തകന്‍ വാങ് യുങ്മിങിന്റെ ‘അപരനാ’ണ്. ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ യഥാര്‍ത്ഥ ജീവിതത്തിലെ കലാകാരന്മരെപ്പോലെ ചൈനീസ് കാലിഗ്രഫി വരക്കുകയാണ് റോബോട്ട് യുങ്മിങിന്റെ ജോലി.

chintha

അക്വേറിയത്തിലെ വെള്ളത്തില്‍ നീന്തിത്തുടിക്കുന്ന ഈ മീന്‍ റോബോട്ടുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. വെള്ളത്തിനടിയിലുള്ള കാര്യങ്ങള്‍ ക്യാമറ വഴി ചിത്രീകരിക്കുകയും മറ്റുമാണ് ഇവയുടെ ദൗത്യം.

meen

വെള്ളത്തില്‍ നീന്തുക മാത്രമല്ല, പൂമ്പാറ്റയെയും പക്ഷിയെയും പോലെ പറക്കുകയും ചെയ്യും റോബോട്ടുകള്‍. ഒറ്റനോട്ടത്തില്‍ ഒറിജിനലാണോ എന്നുവരെ തോന്നിപ്പോവും.


ബാഡ്മിന്റണ്‍ കളിക്കാന്‍ കഴിയുന്ന റോബോട്ടും മേളയിലുണ്ട്. കോര്‍ട്ടിന്റെ മറുവശത്ത് റോബോട്ടിനെ നിര്‍ത്തി ഇനി ബാഡ്മിന്റണ്‍ കളിക്കാം.

കുട്ടികള്‍ക്കൊപ്പം അവരിലൊരാളെന്ന പോലെ ആടിപ്പാടാനും കളിക്കാനും കഴിവുള്ള റോബോട്ടുകളും മേളയിലുണ്ട്.

kuttikal

വീട്ടിനകത്ത് ഒരു കുടുംബാംഗത്തെപ്പോലെ പെരുമാറുന്ന വിവിധ തരം ‘കംപാനിയന്‍’ റോബോട്ടുകളുണ്ട്. വീട്ടുജോലികള്‍ ചെയ്യാനും എല്ലാവരെയും തിരിച്ചറിയാനും കഴിവുള്ള ഇവക്ക്, വീട്ടുടമ സ്ഥലത്തില്ലാത്തപ്പോള്‍ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കാനുള്ള കഴിവുണ്ട്.

robottt

വ്യാവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന റോബോട്ടുകളുടെ വലിയ ശ്രേണി തന്നെയുണ്ട് ബീജിങ് റോബോട്ട് കോണ്‍ഫറന്‍സില്‍. ആവശ്യക്കാര്‍ക്ക് റോബോട്ടുകള്‍ വാങ്ങാനും ബുക്ക് ചെയ്യാനുമുള്ള സൗകര്യമുണ്ട്.

കഴിഞ്ഞ വര്‍ഷം മാത്രം വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന 68,000 റോബോട്ടുകളാണ് ചൈനയില്‍ വിറ്റഴിഞ്ഞത്. മുന്‍വര്‍ഷത്തേക്കാള്‍ 20 വര്‍ഷം കൂടുതലാണിത്. നിര്‍മാണ യൂണിറ്റുകളിലും മറ്റും റോബോട്ടുകള്‍ മനുഷ്യരെ പിന്തള്ളിത്തുടങ്ങിയെന്നര്‍ത്ഥം.