ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ദുര്‍ബലരുടെ അവകാശം

നടുക്കണ്ടി അബൂബക്കര്‍

ഇന്ത്യയിലെ ജനങ്ങള്‍ ഭീതിയോടെയും ആശങ്കയോടെയും ദിനങ്ങള്‍ തള്ളിനീക്കുമ്പോഴാണ് ന്യൂനപക്ഷ ദിനം (ഡിസംബര്‍ 18) കടന്നു വരുന്നത്.നിലനില്‍പ്പിനു വേണ്ടി പൊരുതുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഈ ദിനത്തില്‍ ഏറെ വേവലാതികളും ഭയാശങ്കകളുമുണ്ട്.

മുസ്ലിംകള്‍,ക്രൈസ്തവര്‍,സിക്കുകാര്‍,ബുദ്ധര്‍,ജൈനര്‍,പാര്‍സികള്‍ എന്നീ ആറു വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയിലെ ന്യൂനപക്ഷം.മുസ്ലിംകള്‍ എണ്ണത്തില്‍ കൂടുതലാണെങ്കിലും ഏറ്റവും അധ:സ്ഥിതരും അവര്‍ തന്നെ.സച്ചാര്‍ കമ്മിറ്റിയും രംഗനാഥ് മിശ്ര കമ്മീഷനുമടക്കമുള്ള നിരവധി കമ്മീഷനുകളും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മുസ്ലിംകള്‍ 13.4 ശതമാനവും ക്രിസ്ത്യാനികള്‍ 2.3 ശതമാനവും ആണ്.ആകെ ജനസംഖ്യയുടെ 18.4 ശതമാനം ആണ് മതന്യൂനപക്ഷങ്ങള്‍.2007 ജനുവരി 31ന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങള്‍ ഇന്നും ബാക്കി നില്‍ക്കുകയാണ്

ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ ഏറെ പിന്നിലാണെന്ന് നിഷേധിക്കാനാവില്ല.അജ്ഞതയാണ് പ്രധാനകാരണം.താല്‍പര്യക്കുറവും മെനക്കെടാനുള്ള വൈമനസ്യവും.മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ആര്‍ട്ടിക്കിള്‍ 30(1)പ്രകാരം ഇന്ത്യന്‍ ഭരണഘടന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും നടത്തിക്കൊണ്ടുപോകാനുമുള്ള മൗലികാവകാശം ഉറപ്പുതരുന്നു. ഈ അവകാശം നിയമംമൂലം സംരക്ഷിക്കപ്പെടുന്നതാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13. അവകാശ ലംഘനങ്ങള്‍ക്കെതിരെ ഈനിയമം സുരക്ഷിതത്വം ഉറപ്പു നല്‍കുന്നു. ആര്‍ട്ടിക്കിള്‍ 30(1) ന്റെ വ്യാപ്തിയില്‍ വെള്ളം ചേര്‍ക്കാനോ വളച്ചൊടിക്കാനോ പാടില്ലാത്തതാകുന്നു.ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ആക്ട് ആര്‍ട്ടിക്കിള്‍ 30(1 )പ്രകാരമുള്ള ഭരണഘടനാ അവകാശം ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പാക്കുന്നതിനായി നിലവില്‍ വന്നതാണ്

മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷമാണോ എന്ന് തീരുമാനിക്കുന്നത് കേവലമൊരു ഒരു ജനസംഖ്യാടിസ്ഥാനത്തിലല്ല.മറിച്ച് ആ രാജ്യത്തെ ജനങ്ങളുടെ മരണം,ജനനം,രോഗം തുടങ്ങിയ സ്ഥിതിവിവരക്കണക്ക് പ്രകാരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട് ന്യൂനപക്ഷ സ്ഥാപനം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ആര്‍ട്ടിക്കിള്‍ 30(1) പ്രകാരമുള്ള ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് പാര്‍ലമമെന്റ് പാസാക്കിയ നിയമപ്രകാരം ന്യൂനപക്ഷ വിഭാഗം ആരംഭിച്ചതും ഭരിക്കുന്നതുമായ സ്ഥാപനം എന്നാണ്.2004 ല്‍ പാര്‍ലമെന്റ് പാസാക്കിയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ അത് പ്രഖ്യാപിക്കുകയും ചെയ്തു.

കേരളത്തില്‍ വൈകിയാണെങ്കിലും അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ന്യൂനപക്ഷ കമ്മീഷന്‍ നിലവില്‍ വന്നത്.ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വിഘാതം വരുന്ന നിലയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അദ്ദേഹത്തെ വിളിച്ച് വരുത്തുന്നതിനും വിസ്തരിക്കുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും അധികാരമുണ്ട്.ഉദ്യോഗ രംഗങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവസരസമത്വം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇടപെടാനും കമ്മീഷന് സാധിക്കും. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഔദ്യോഗിക സംവിധാനത്തിലൂടെ മാത്രം ജനങ്ങളില്‍ എത്തിക്കുക പ്രയാസമാണ്.

ന്യൂനപക്ഷ ശാക്തീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ജനമനസ്സുകളില്‍ എത്തിക്കാന്‍ രാഷ്ട്രീയ-സാമൂഹ്യ.-മതസംഘടനകള്‍ ബോധവല്‍ക്കരണത്തിലൂടെ പരമാവധി ശ്രമിക്കണം. ഉദ്യോഗസ്ഥരുടെ വൈകിയുള്ള അറിയിപ്പുകളും അവരുടെ താല്‍പര്യക്കുറവും അവകാശങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്.ഇത് പരിഹരിക്കാന്‍ സംസ്ഥാനത്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി പ്രവര്‍ത്തിക്കുന്നു. ന്യൂനപക്ഷ വികസനത്തിന് പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപ്പിലാക്കാന്‍ ആവശ്യമായ പണം നീക്കിവെക്കാതിരിക്കുക, വകയിരുത്തിയ പണം തന്നെ ചെലവഴിക്കാതിരിക്കുക,ഓരോ വര്‍ഷവും അനുവദിക്കുന്ന തുകയുടെ സിംഹഭാഗവും സമയത്തിന് ചെലവഴിക്കാതെ ലാപ്‌സ്ആക്കുക ,ചെലവഴിക്കപ്പെടുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് പ്രയോജനപ്പെടാതെ പോവുക തുടങ്ങിയ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.

SHARE