ലോകകപ്പ് യോഗ്യത; ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു, നിറഞ്ഞ ഗ്യാലറിയില്‍ ഇന്ത്യ നാളെ ഒമാനെതിരെ

ഗുവാഹത്തി: 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടുന്നതിനായുള്ള രണ്ടാം റൗണ്ട് മത്സരങ്ങളിലെ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് പോരാട്ടം നാളെ. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമാനെ നേരിടും. രാത്രി 7.30ന് ഗുവാഹത്തിയിലാണ് മത്സരം. അതേസമയം മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നു. അതിനാല്‍ നിറഞ്ഞ ഗ്യാലറിക്കു മുന്നിലാവും ഇന്ത്യ നാളെ കളിക്കുക.

ഒമാനെ പരാജയപ്പെടുത്താനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ വാദം. എന്നാല്‍ ഒമാനായിരിക്കും മത്സരത്തിലെ ഫേവറിറ്റുകളെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഫിഫ മത്സരങ്ങളില്‍ ഇന്ത്യ ഇതു വരെ ഒമാനെ തോല്‍പിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇരു ടീമും അവസാനമായി മുഖാമുഖം വന്നപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.