വിശ്രമിച്ചും അവധി ആഘോഷിച്ചും റഷ്യ; നാളെ മുതല്‍ യുദ്ധം തുടങ്ങുകയായി

മോസ്‌കോയിലെ നിക്കോള്‍സ്‌ക്യാസ് സ്ട്രീറ്റില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ആരാധകര്‍ തമ്മില്‍ ആശ്ലേഷിക്കുന്നു

മോസ്‌ക്കോ: രണ്ടാഴ്ച്ചത്തെ തിരക്കേറിയ മല്‍സരങ്ങള്‍ക്ക് ശേഷം ഇന്ന് ലോകകപ്പിന് ആദ്യ വിശ്രമനാള്‍. പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായ ശേഷം രണ്ടാം റൗണ്ടിനൊരുങ്ങാനുള്ള സമയം. നാളെ രണ്ടാം റൗണ്ടില്‍ കിടിലന്‍ നോക്കൗട്ട് യുദ്ധങ്ങളാണ്. മൂന്ന് മുന്‍ ചാമ്പ്യന്മാരണ് നാളെ കളിക്കുന്നത്. ആദ്യ മല്‍സരത്തില്‍ 98 ലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് രണ്ട് വട്ടം കപ്പുയര്‍ത്തിയ ലയണല്‍ മെസിയുടെ അര്‍ജന്റീനയെ എതിരിടുന്നു. രണ്ടം മല്‍സരത്തില്‍ ആദ്യ ലോകകപ്പിലെ ജേതാക്കളായ ഉറുഗ്വേ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ എതിരിടുന്നു.
സംഭവ ബഹുലമായിരുന്നു ആദ്യ റൗണ്ട്. പന്ത്രണ്ട് വേദികളിലായി 48 മല്‍സരങ്ങള്‍. നൂറിലധികം ഗോളുകള്‍. ഗോള്‍രഹിതമായി ഒരു മല്‍സരം മാത്രം. രണ്ട് ഹാട്രിക്കുകള്‍, വീഡിയോ റഫറല്‍ സമ്പ്രദായത്തിന്റെ അരങ്ങേറ്റം, രണ്ട് ചുവപ്പ് കാര്‍ഡുകള്‍, 34 മഞ്ഞക്കാര്‍ഡുകള്‍, ലോക ചാമ്പ്യന്മാരുടെ മടക്കം-അങ്ങനെ സങ്കീര്‍ണ്ണം പുറത്തായവര്‍.


മോസ്‌കോ നഗരത്തില്‍ നിന്നും അവധി ദിവസത്തെ കാഴ്ചകളുമായി കമാല്‍ വരദൂര്‍ (ചന്ദ്രിക ചീഫ് ന്യൂസ്എഡിറ്റര്‍) തത്സമയം


32 ടീമുകളില്‍ നിന്ന് ആദ്യ റൗണ്ട് കടക്കാന്‍ കഴിയാതെ പുറത്തായവര്‍ ഇവരാണ്.1-ഈജിപ്ത്, 2-സഊദി അറേബ്യ, 3-മൊറോക്കോ, 4. ഇറാന്‍, 5. ഓസ്‌ട്രേലിയ, 6. പെറു, 7. -ഐസ്‌ലാന്‍ഡ്, 8-നൈജീരിയ, 9-കോസ്റ്റാറിക്ക, 10-സെര്‍ബിയ, 11-ജര്‍മനി, 12-ദക്ഷിണ കൊറിയ, 13-പാനമ, 14- ടൂണീഷ്യ, 15-പോളണ്ട്, 16-കൊളംബിയ
നഷ്ടം ആഫ്രിക്കക്ക്
ആഫ്രിക്കയില്‍ നിന്ന് ഇത്തവണ അഞ്ച് പേരുണ്ടായിരുന്നു. ഈജിപ്തും സെനഗലും മൊറോക്കോയും ടൂണീഷ്യയും പിന്നെ നൈജീരിയയും. ഈജിപ്ത് നിര്‍ഭാഗ്യവാന്മാരുടെ സംഘമായിരുന്നു. ലോകകപ്പിന് തൊട്ട് മുമ്പ് അവരുടെ ചാമ്പ്യന്‍ താരമായ മുഹമ്മദ് സലാഹിന് പരുക്കേല്‍ക്കുന്നു. ഉറുഗ്വേക്കെതിരായ ആദ്യ മല്‍സരത്തില്‍ നന്നായി കളിച്ചു. സലാഹ് പുറത്തിരുന്നിട്ടും അവസാന സമയം വരെ പൊരുതി നിന്നു. പക്ഷേ അന്ത്യഘട്ടത്തില്‍ വീണ ഗോള്‍ തിരിച്ചടിയായി. രണ്ടാം മല്‍സരത്തില്‍ ആതിഥേയരായ റഷ്യയായിരുന്നു പ്രതിയോഗികള്‍. സലാഹ് പൂര്‍ണസമയം കളിച്ചിട്ടും മൂന്ന് ഗോള്‍ വഴങ്ങി ടീം. അവസാന മല്‍സരത്തിലാവട്ടെ സഊദി അറേബ്യക്ക്് മുന്നിലും പരാജയപ്പെട്ടു. ചാമ്പ്യന്‍ഷിപ്പില്‍ സലാഹ് രണ്ട് ഗോള്‍ സ്‌ക്കോര്‍ ചെയ്തതും 45 കാരനായ ഗോള്‍ക്കീപ്പര്‍ ഹസാം അല്‍ ഹദാരി ലോകകപ്പ് കളിക്കുന്ന ഏറ്റവും സീനിയര്‍ താരമായി മാറിയതുമായി അവരുടെ നേട്ടം.
മൊറോക്കോ സ്‌പെയിനിനെതിരെ കളിച്ച അവസാന മല്‍സരം അതിഗംഭീരമായിരുന്നു. ലോകോത്തര താരങ്ങള്‍ അണിനിരന്ന ചാമ്പ്യന്‍ സംഘത്തെ അവര്‍ 2-2 ല്‍ നിയന്ത്രിച്ചു. പക്ഷേ നിര്‍ഭാഗ്യം അവര്‍ക്ക് വിനയായി. ഇറാനെതിരെയിരുന്നു ആദ്യ പോരാട്ടം. പൂര്‍ണസമയം മികവ് പുറത്തെടുത്തിട്ടും അവസാന മിനുട്ടിലെ സെല്‍ഫ് ഗോള്‍ വില്ലനായി മാറി. ശക്തരായ പോര്‍ച്ചുഗലിനെതിരെയും മികച്ച പ്രകടനം നടത്തിയിരുന്നു അവര്‍. അവിടെയും ക്രിസ്റ്റ്യാനോയുടെ ഗോള്‍ മാത്രം തിരിച്ചടിയായി.

മോസ്‌കോ നഗരത്തില്‍ പോള്‍ കയറി കുസൃതി കാണിക്കുന്ന ഒരു സ്പാനിഷ് ഫുട്‌ബോള്‍ ഫാന്‍

നൈജീരിയക്കാരാണ് ഞെട്ടിക്കല്‍ പ്രകടനം നടത്തിയവര്‍. ഐസ്‌ലാന്‍ഡിനെ രണ്ട് ഗോളിന് തോല്‍പ്പിച്ച അര്‍ജന്റീന ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നിന്നു അഹമ്മദ് മൂസയും സംഘവും. നൈജീരിയ-അര്‍ജന്റീന പോരാട്ടം ലോക വേദിയിലെ സുപ്രധാന യുദ്ധമായിരുന്നു. അര്‍ജന്റീനക്ക്് വിജയം നിര്‍ബന്ധമായ മല്‍സരത്തില്‍ ലയണല്‍ മെസിയുടെ ഗോളില്‍ ലാറ്റിനമേരിക്കകാര്‍ ലീഡ് നേടിയിട്ടും പൊരുതിയ നൈജീരിയക്കാര്‍ നായകന്‍ മോസസിലൂടെ സമനില നേടിയിരുന്നു. പക്ഷേ അവസാനത്തില്‍ മാര്‍ക്കസ് റോജയുടെ മിന്നല്‍ ഗോളിലാണ് നൈജീരിയ വീണത്. വന്‍കരയില്‍ നിന്നും വന്നവരില്‍ വലിയ പരാജയമായത് ടൂണീഷ്യക്കാരായിരുന്നു. ബെല്‍ജിയവും ഇംഗ്ലണ്ടും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ അവര്‍ക്ക് ഒന്നും ചെയ്യാനായില്ല. സെനഗലാണ് ഗംഭീരമായി കളിച്ചവര്‍. സാദിയോ മാനേയും സംഘവും ശക്തരായ പോളണ്ടിനെ തോല്‍പ്പിച്ചത് ലോകകപ്പിലെ വലിയ അട്ടിമറികളില്‍ ഒന്നായിരുന്നു. റോബര്‍ട്ട് ലെവന്‍ഡോവിസ്‌ക്കിയെ പോലെ ഒരു താരത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അലിയോ സീസെ പരിശീലിപ്പിക്കുന്ന സംഘം നടത്തിയത്. രണ്ടാം മല്‍സരത്തില്‍ ജപ്പാനുമായി സമനിലയില്‍ പിരിയുകയും ചെയ്തു.
യൂറോപ്പ്
ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, ഡെന്മാര്‍ക്ക്, ഇംഗ്ലണ്ട്, ബെല്‍ജിയം, റഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്വീഡന്‍ എന്നിവരാണ് ഫുട്‌ബോള്‍ വന്‍കരയുടെ മേധാവിത്വം നിലനിര്‍ത്തിയത്. ഇവരില്‍ ഒന്നാം സ്ഥാനത്ത് വന്നിരിക്കുന്നത് ആതിഥേയരായ റഷ്യ തന്നെ. വലിയ സോക്കര്‍ വിലാസക്കാരല്ല റഷ്യ. പക്ഷേ ആദ്യ രണ്ട് മല്‍സരങ്ങളില്‍ തകര്‍പ്പന്‍ വിജയവുമായി അവര്‍ കളം വാണു. മൂന്നാം മല്‍സരത്തില്‍ ഉറുഗ്വേയോട് മൂന്ന് ഗോളിന് തോറ്റെങ്കിലും ആദ്യ മല്‍സരങ്ങളിലെ മികവ് വഴി അവര്‍ പ്രീക്വാര്‍ട്ടര്‍ നേരത്തെ ഉറപ്പിച്ചു. ഓസ്ട്രേലിയ, പെറു എന്നിവരെ തോല്‍പ്പിക്കുകയും ഡെന്മാര്‍ക്കിനെതിരെ ഗോളില്ലാ സമനില വഴങ്ങുകയും ചെയ്ത ഫ്രാന്‍സ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. സ്‌പെയിന്‍ തട്ടിമുട്ടി കയറുകയായിരുന്നു. മൂന്ന് മല്‍സരങ്ങളിലും അവര്‍ വിറച്ചു. മൊറോക്കോയുമായി രക്ഷപ്പെട്ടപ്പോള്‍ ഇറാനും ഗംഭീരമായാണ് മുന്‍ ലോക ചാമ്പ്യന്മാര്‍ക്കെതിരെ പൊരുതിയത്. പോര്‍ച്ചുഗലിനെതിരായ ആദ്യ മല്‍സരമാവട്ടെ 3-3 ല്‍ അവസാനിച്ചു. ക്രിസ്റ്റ്യാനോയുടെ മികവ് മാത്രമാണ് പോര്‍ച്ചുഗലിന്റെ ഊര്‍ജ്ജം. ക്രൊയേഷ്യ അര്‍ജന്റീനയെ മൂന്ന് ഗോളിന് തരിപ്പണമാക്കിയാണ് വരവ് അറിയിച്ചത്. ഗ്രൂപ്പിലെ എല്ലാ മല്‍സരങ്ങളും അവര്‍ നേടി. ഡെന്മാര്‍ക്കിന്റെ വരവ് തപ്പിതടഞ്ഞായിരുന്നെങ്കില്‍ മൂന്ന് മികച്ച മുന്‍നിരക്കാരുമായി ബെല്‍ജിയം വലിയ വിജയങ്ങള്‍ നേടി. ഹാരി കെയിന്‍ എന്ന യുവ നായകന്റെ ഗോള്‍ വേട്ടയിലായിരുന്നു ഇംഗ്ലണ്ടിന്റെ അശ്വമേഥങ്ങള്‍. സ്വിറ്റ്‌സര്‍ലാന്‍ഡ് സെര്‍ബിയക്കെതിരെ നടത്തിയ പ്രകടനവും ഷാക്കിരിയും ഷാക്കയും തമ്മിലുള്ള കോമ്പിനേഷനും ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ജര്‍മനിയാണ് ദുരന്തമായത്. 80 വര്‍ഷത്തിന് ശേഷമാണ് ജര്‍മനിയില്ലാത്ത ലോകകപ്പ്് നോക്കൗട്ട് നടക്കാന്‍ പോവുന്നത്. മിന്നും വിജയവുമായി സ്വീഡന്‍ യൂറോപ്പിന്റെ പുതിയ കരുത്തായി മാറി.
ഉത്തര അമേരിക്ക
മെക്‌സിക്കോക്കായിരുന്നു ഉത്തര അമേരിക്കയുടെ ചാമ്പ്യന്‍സംഘം. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ ആദ്യ മല്‍സരത്തില്‍ മറിച്ചിട്ട മെക്‌സിക്കോ രണ്ടാം മല്‍സരത്തില്‍ കൊറിയക്കാരെയും വീഴ്ത്തി. ഗ്രൂപ്പില്‍ നിന്നും വളരെ എളുപ്പം അവര്‍ യോഗ്യത നേടുമെന്ന് കരുതിയിരിക്ക മൂന്നാം മല്‍സരത്തില്‍ സ്വീഡനോട് ടീം മൂന്ന് ഗോളിന് തകര്‍ന്നു. എങ്കിലും പരുക്കില്ലാതെ നോക്കൗട്ടിലെത്തി. അതിന് കൊറിയക്കാര്‍ക്ക് നന്ദി പറയണം. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ കളിച്ച കൈലര്‍ നവാസിന്റെ കോസ്റ്റാറിക്ക ജയമില്ലാതെ മടങ്ങിയപ്പോള്‍ കന്നി ലോകകപ്പിനെത്തിയ പാനമ ധാരാളം ഗോള്‍ വാങ്ങിയും ഒന്നു തിരിച്ചടിച്ചുമാണ് മടങ്ങിയത്.

SHARE