സോച്ചിയില്‍ ബെല്‍ജിയം-പാനമ കളി തുടങ്ങി; ഗോളില്ലാത്ത അദ്യപകുതി

സോച്ചിയിലെ സുന്ദരമായ ഫിഷ് സ്‌റ്റേഡിയത്തില്‍ ബെല്‍ജിയം-പാനമ മല്‍സരം തുടങ്ങി. ബെല്‍ജിയം എന്ന പവര്‍ ഹൗസിനെ നേരിടുന്ന കന്നിക്കാരായ പാനമക്കാര്‍ എത്ര ഗോള്‍ വാങ്ങുമെന്നതാണ് എല്ലാവരുടെയും ചോദ്യം. ഈഡന്‍ ഹസാര്‍ഡും ഡി ബ്രുയനും റുമേലു ലുക്കാക്കുവുമെല്ലാം ഉള്‍പ്പെടുന്ന യൂറോപ്യന്‍ യുവവീര്യത്തിന്റെ പ്രതിനിധികള്‍ പാനമയില്‍ നിന്നുള്ള ചിരിക്കുന്നവരെ കൊല ചെയ്താലും അല്‍ഭുതപ്പെടാനില്ല. ലോകകപ്പിനെത്തുന്ന ബെല്‍ജിയം കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്.

ആദ്യ മിനിറ്റില്‍ തന്നെ അറ്റാക്കിങ് നടത്തിയായിരുന്നു ബെല്‍ജിയത്തിന്റെ തുടക്കം.

എന്നാല്‍ പാനമയുടെ ഗോള്‍മുഖത്തേക്ക് അത്ര എളുപ്പത്തില്‍ കടന്നുചെല്ലാന്‍ സാധിക്കാത്ത കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടെത്. ബെല്‍ജിയം നടത്തിയ തുടര്‍ച്ചയായ അറ്റാക്ക് ലക്ഷ്യത്തിലെത്താതെ അവസാനിക്കുന്നതാണ് കാഴ്ച.
ലുക്കാകുവിനെയും ഹസാര്‍ഡിനെയും ലക്ഷ്യമാക്കി ബെല്‍ജിയം നടത്തുന്ന നീക്കങ്ങളെ അസാധ്യ നീക്കങ്ങളിലൂടെ പാനമ ബ്ലോക്കിങ് നടത്തുകയാണ്.

ബെല്‍ജിയത്തിന്റെ ആദ്യ ഇലവനില്‍ വിന്‍സ്റ്റന്റ് കംപനിക്ക് സ്ഥാനം ലഭിച്ചിട്ടില്ല. സൈഡ് ബെഞ്ചിലിരുന്ന് കളി കാണുകയാണ് കംപനി. അതേസമയം ഹെഡ് ശ്രമത്തിനിടെ നടത്തിയ ഫൗളിന് ബെല്‍ജിയത്തിന്റെ മ്യൂനിയര്‍ ആദ്യ പകുതിയില്‍ മഞ്ഞക്കാര്‍ഡ് വാങ്ങുകയുമുണ്ടായി.  പതിനേഴാം മിനുട്ടില്‍ പാനമയുടെ എറിക് ഡേവിസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

വലിയ യോഗ്യതാ കടമ്പ കടന്നുവന്നവരാണ് പാനമക്കാര്‍. ഡാരിയോ ഗോമസ് പരിശീലിപ്പിക്കുന്ന സംഘം ആദ്യ ഘട്ടത്തില്‍ കളിച്ചത് 16 യോഗ്യതാ പോരാട്ടങ്ങള്‍. അവിടെ നിന്നും യോഗ്യത നേടി രണ്ടാം ഘട്ടത്തിലെത്തി. അവിടെ ആറ് മല്‍സരങ്ങള്‍. അതില്‍ മൂന്നിലും ജയിച്ചു. നിര്‍ണായക മല്‍സരത്തില്‍ കൈലര്‍ നവാസിന്റെ കോസ്റ്റാറിക്കക്കാരെ തോല്‍പ്പിച്ചാണ് റോമന്‍ ടോറസും സംഘവും റഷ്യന്‍ ടിക്കറ്റ് നേടിയത്.

ബെല്‍ജിയം യൂറോപ്പില്‍ നിന്നും കപ്പ് എന്ന ലക്ഷ്യത്തില്‍ വരുന്ന ടീമുകളിലൊന്നാണ്. മികച്ച താരങ്ങളും മികച്ച പരിശീലകനും. സോച്ചിയിലെത്തിയതിന് ശേഷം പരിശീലനത്തില്‍ മാത്രം ജാഗരൂകനായ മാര്‍ട്ടിനസ് എന്ന പരിശീലകന്‍ പക്ഷേ പാനമക്കാരെ ദുര്‍ബലരായി കാണുന്നില്ല. ഏറ്റവും നല്ല മല്‍സരമാണ് അദ്ദഹം വാഗ്ദാനം ചെയ്യുന്നത്. സോച്ചിയിലെ വേദിയില്‍ ആദ്യം നടന്ന പോരാട്ടം ലോകം കണ്ടതാണ്. സ്‌പെയിനും പോര്‍ച്ചുഗലും. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഉള്‍പ്പെടെ പിറന്നത് ആറ് ഗോളുകള്‍. ഇന്നുമവിടെ ഗോള്‍ വേട്ട നടക്കുമോ…?