ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു. 2,704,676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,90,549 പേര് ഇതിനോടകം മരിച്ചു. യുഎസില്‍ വ്യാഴാഴ്ച മാത്രം 2325 പേരാണ് മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം 49,845 ആയി. ഇതിനിടെ കോവിഡ് യുഎസ് ജനതയെ കടുത്ത തൊഴിലില്ലായ്മയിലേക്കും വിഷാദരോഗത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ്.
26 ദശലക്ഷം പേരാണ് കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ അമേരിക്കയില്‍ തൊഴിലില്ലായ്മ സഹായത്തിനായി അപേക്ഷിച്ചിട്ടുള്ളത്. ആറിലൊന്ന് അമേരിക്കക്കാര്‍ക്കും ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 1930 കളിലെ മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ പിരിച്ചുവിടലുകളാണ് അമേരിക്കയില്‍ നടന്നുവരുന്നത്.
ഇറ്റലിയില്‍ 440 പേരാണ് വ്യാഴാഴ്ച മരിച്ചത്. സ്പെയിനില്‍ 464 മരണവും റിപ്പോര്‍ട്ട് ചെയ്തു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഇറ്റലിയില്‍ പുതിയ ആളുകളിലേക്ക് രോഗം പകരുന്നത് പകുതിയായി കുറച്ചെന്ന് ഒരു പഠനം കണ്ടെത്തി. സ്പെയിനില്‍ ആകെ മരണം 22,157 ആയിട്ടുണ്ട്. ഫ്രാന്‍സില്‍ 516 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. യുകെയില്‍ 638 മരണവും റിപ്പോര്‍ട്ട് ചെയ്തു.