കോവിഡ്: ഇന്ത്യയ്ക്ക് നൂറു കോടി ഡോളറിന്റെ സഹായവുമായി ലോകബാങ്ക്

വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ ഒരു ബില്യണ്‍ ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായം. ടെസ്റ്റിങ് കിറ്റ്, വെന്റിലേറ്റര്‍ തുടങ്ങി പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനും പുതിയ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയാറാക്കാനും ആണ് സഹായം അനുവദിച്ചത്.

കൂടാതെ, ലബോറട്ടറി പ്രവര്‍ത്തനം, ഇന്ത്യന്‍ സ്ഥാപനങ്ങളിലെ പരീക്ഷണം, കോവിഡ് രോഗികളുടെ പരിശോധന, രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തല്‍ എന്നീ കാര്യങ്ങള്‍ക്കും അടിയന്തര സഹായം ഉപയോഗിക്കാം. വൈറസ് ബാധക്കെതിരായ പോരാട്ടത്തില്‍ ലോകത്തെ വികസിത രാജ്യങ്ങള്‍ക്ക് നല്‍കുന്ന ഒന്നാംഘട്ട സഹായമാണ് ലോക ബാങ്ക് പ്രഖ്യാപിച്ചത്.

ആദ്യ ഘട്ടത്തില്‍ 25 രാജ്യങ്ങള്‍ക്കാണ് സഹായം. കൂടാതെ, 40 രാജ്യങ്ങള്‍ക്ക് സഹായം അനുവദിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്ത 15 മാസത്തിനുള്ളില്‍ കോവിഡ് പ്രതിരോധത്തിനായി 160 ബില്ല്യന്‍ യു.എസ് ഡോളര്‍ വിതരണം ചെയ്യുമെന്ന് ലോകബാങ്ക് മാനേജിങ് ഡയറക്ടര്‍ അക്‌സല്‍ വാന്‍ ട്രോഡ്‌സെന്‍ബര്‍ഗ് അറിയിച്ചു. സൗത്ത് ഏഷ്യയില്‍ കോവിഡ് പ്രതിരോധത്തിനായി അഫ്ഗാനിസ്ഥാന് 100 മില്യന്‍ ഡോളറും പാകിസ്ഥാന് 200 മില്യന്‍ ഡോളറും സഹായം നല്‍കാന്‍ ലോകബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.

SHARE